ന്യൂദല്‍ഹി- കൈയിലൊതുങ്ങാത്ത കോവിഡിനെ നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദൂതന്‍. മുന്‍ ഉദ്യോഗസ്ഥനും മോഡിയുടെ വിശ്വസ്തനുമായ എ.കെ. ശര്‍മയെ ആണ് ഉത്തര്‍പ്രദേശില്‍ നിര്‍ണായക ചുമതല ഏല്‍പ്പിക്കാനൊരുങ്ങുന്നത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ നീക്കം.
മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സ്വതന്ത്ര ദേവ് സിംഗും തുടരും. ഇവരുടെ നേതൃത്വത്തില്‍തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനും തീരുമാനമായി. ബി.ജെ.പി ദേശീയ നേതൃത്വം ലഖ്‌നൗവില്‍ രണ്ട് ദിവസമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. മന്ത്രിസഭാ വികസനം ഈ മാസം നടക്കും. യു.പി സര്‍ക്കാരില്‍ എ.കെ. ശര്‍മ നിര്‍ണായക റോളിലെത്തുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രൂക്ഷ വിമര്‍ശത്തിന് വിധേയനായ യോഗിയെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ മാറ്റേണ്ടതില്ലെന്ന് യോഗത്തിനുശേഷം തീരുമാനമുണ്ടായി. മുതിര്‍ന്ന നേതാക്കളായ ബി.എല്‍. സന്തോഷ്, രാധാ മോഹന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.