ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന് വേണ്ടി വിതരണം ചെയ്യുന്ന വാക്‌സിൻ ഇന്ത്യക്കും നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോണിൽ വിളിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്, വാക്‌സീൻ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. 25 ദശലക്ഷം ഡോസ് വാക്‌സീനാണ് യുഎസ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
മെക്‌സികോ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ, ഗ്വാട്ടിമാല പ്രസിഡന്റ് അലസാൻട്രോ ഗ്യാമത്തെയ്, പ്രധാനമന്ത്രി കെയ്ത് റോവ്‌ലി എന്നിവരേയും കമല വിളിച്ചു. കഴിയുന്നത്ര രാജ്യങ്ങളെ സഹായിക്കാനാണ് യുഎസ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യമേഖലയിലെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ആഗോളതലത്തിൽ കോവിഡിനെതിരെ വിജയമുണ്ടാക്കാനാണ് നീക്കമെന്നും കമല ഹാരിസ് പറഞ്ഞു.
അതേസമയം, കമല ഹാരിസിന് നന്ദി അറിയിച്ച് മോഡി ട്വീറ്റ് ചെയ്തു. 'ആഗോളതലത്തിൽ വാക്‌സീൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കും വാക്‌സീൻ നൽകുമെന്ന് ഉറപ്പാക്കിയതിന് അഭിന്ദനം അറിയിക്കുന്നു. ഇന്ത്യയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകിയതിനും നന്ദിയെന്നും മോഡി ട്വീറ്റ് ചെയ്തു.