ന്യൂദൽഹി -പഞ്ചാബ്, ഹരിയാന, ദൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ട്രാവൽ ഏജന്റുമാർ മുഖേന അനധികൃതമായി ഫ്രാൻസിലേക്കു പോയ 22 കൗമാര പ്രായക്കാരെ കാണാനില്ലെന്ന് സിബിഐ. റഗ്ബി പരിശീലനം നൽകാനെന്ന പേരിലാണ് ഏജന്റുമാർ ഇവരെ കടത്തിയത്. സി.ബി.ഐ കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ ഫരീദാബാദിലേയും ദൽഹിയിലേയും രണ്ട് ട്രാവൽ ഏജന്റുമാരുടെ ഓഫീസ് റെയ്ഡ് നടത്തി ഏതാനും രേഖകൾ പിടിച്ചെടുത്തു.
ഓരോ കുട്ടിയുടേയും രക്ഷിതാവിൽ നിന്ന് 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഏജന്റുമാർ ഇവരെ അനധികൃതമായി കടത്തിയതെന്ന് സിബിഐ പറഞ്ഞു.1318 പ്രായത്തിലുള്ള 25 കുട്ടികളെ പാരിസിൽ നടക്കുന്ന റഗ്ബി പരിശീലനത്തിൽ പങ്കെടുക്കാൻ കൊണ്ടു പോകുന്നുവെന്നാണ് ഏജന്റുമാർ വീസ അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്നും ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന ക്യാമ്പിലേക്ക് കുട്ടികളെ കൊണ്ടു പോയതെന്നാണ് ഏജന്റുമാർ പറയുന്നതെന്ന് സി.ബി.ഐ വക്താവ് അഭിഷേക് ദയാൽ പറഞ്ഞു.
ദൽഹിയിൽ നിന്നു പാരീസിലേക്ക് വിമാനം കയറിയ എല്ലാവരും അവിടെ എത്തിയിട്ടുണ്ടെന്നും ഒരാഴ്ച നീണ്ട പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഏജന്റുമാർ ഇവരുടെ മടക്ക യാത്രാ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. ഇതിനിടെ സംശയം തോന്നിയ രണ്ടു പേർ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചു കയറിയെന്നും സി.ബി.ഐ പറയുന്നു.
ബാക്കിയുള്ളവരെ പാരിസിലെ ഒരു ഗുരുദ്വാരയിൽ കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ അറിയിച്ചു. ഇവരിൽ ഒരാൾ ഫ്രഞ്ച് പോലീസിന്റെ പിടിയിലാകുകയും ഇന്റർപോളിന് വിവരം കൈമാറുകയും ചെയ്തു. ഇന്റർപോളാണ് സി.ബി.ഐയെ വിവരമറിയിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കാണാതായ 22 കുട്ടികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് സി.ബി.ഐ ഉടൻ വിവരങ്ങൾ ആരായും.