മസ്കത്ത് - ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 15 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,173 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,20,702 ആയി. ഇതിൽ 2,02,021 പേർ രോഗമുക്തി നേടി. 91.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 2,385 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ചികിത്സയിൽ കഴിയുന്ന 871 പേരിൽ 264 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഒമാൻ നീട്ടിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം.
രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഇന്നലെ ആരംഭിച്ചു. മെഗാ വാക്സിൻ കാമ്പയിന്റെ ഭാഗമായാണ് 45 വയസ്സിന് മുകളിലുള്ളവർക്കു കൂടി വാക്സിൻ നൽകുന്നത്.
ജൂൺ മാസം അവസാനിക്കുന്നതോടെ 12.5 ലക്ഷം ഡോസ് വാക്സിൻ ഒമാനിൽ എത്തിക്കാനാണ് പദ്ധതി. ഓരോ ആഴ്ചയിലും രണ്ട് ലക്ഷം വീതം വാക്സിൻ എത്തിക്കും. ആദ്യ 2.05 ലക്ഷം ഡോസുകളുമായി ആദ്യ ബാച്ച് കഴിഞ്ഞ ശനിയാഴ്ച എത്തി. രണ്ട് ലക്ഷം ഡോസുകളുമായി രണ്ടാം ബാച്ച് നാളെ എത്തിച്ചേരും. മെഗാ വാക്സിൻ കാമ്പയിന്റെ ഭാഗമായി 32,000 പ്ലസ്ടു വിദ്യാർഥികൾക്ക് ഇതിനകം വാക്സിൻ നൽകി. ജൂൺ അവസാനത്തിൽ ആരംഭിക്കുന്ന പരീക്ഷക്ക് മുമ്പായി 70,000ത്തിലേറെ കുട്ടികൾക്ക് വാക്സിൻ നൽകാനാണ് തീരുമാനം.
വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ സഹകരിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. നേരത്തേ വാക്സിൻ എടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകും. സർക്കാർ ജീവനക്കാർക്കും സൈനികർക്കുമുള്ള വാക്സിൻ വിതരണം അടുത്ത ആഴ്ചയോടെ തുടങ്ങും. ജൂൺ മൂന്നാം വാരം മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വിതരണം ചെയ്യും. അതോടൊപ്പം നേരത്തേ ആദ്യ ഡോസ് എടുത്തവർക്കുള്ള രണ്ടാം ഡോസും നൽകിത്തുടങ്ങും. ആദ്യ ഡോസ് എടുത്ത് 10 ആഴ്ച പിന്നിട്ടവർക്കാണ് രണ്ടാം ഡോസ് നൽകുക. മെഗാ കാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ 12 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കും വാക്സിൻ നൽകാനാണ് പദ്ധതി.