മുംബൈ- ഭാര്യയെ വീട്ടിനകത്ത് ഒരു മുറിയില്‍ ഒന്നര വര്‍ഷത്തോളം അടച്ചുപൂട്ടിയിട്ട് നിരന്തരം ലൈംഗികാതിക്രമം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. 41കാരിയായ യുവതിയേയും ഇവര്‍ക്കൊപ്പം വീട്ടുതടങ്കലില്‍ കഴിഞ്ഞ മൂന്ന് പെണ്‍മക്കളേയും പോലീസ് രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലാണ് സംഭവം. രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒരു കുറിപ്പെഴുതി യുവതി പുറത്തേക്കെറിഞ്ഞതാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ഈ കുറിപ്പ് ലഭിച്ച യുവതി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട് നിരീക്ഷിച്ച് സംഭവം ഉറപ്പാക്കിയ ശേഷം റെയ്ഡ് നടത്തുകയായിരുന്നു. യുവതിയേയും ഏട്ടിനും 14നും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും പോലീസ് രക്ഷിച്ചു.
ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ വീട്ടിനകത്തെ ഒരു മുറിയില്‍ തന്നെ അടച്ചിട്ട് ഭര്‍ത്താവ് ഒന്നര വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് യുവതി പോലീസിനു നല്‍കിയ മൊഴി. പലതവണ ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും യുവതി പരാതിപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.