കൊല്‍ക്കത്ത- ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ തൃണമൂലിലേക്കു തന്നെ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായുള്ള റിപോര്‍ട്ടുകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയെ ഫോണില്‍ വിളിച്ചു. 2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന തലമുതിര്‍ന്ന നേതാവായ മുകുള്‍ റോയി ഇപ്പോള്‍ പാര്‍ട്ടിയില്‍ അസംതൃപ്തനാണെന്ന് റിപോര്‍ട്ടുകളുണ്ട്. തൃണമൂല്‍ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ സന്ദര്‍ശിച്ചിരുന്നു. റോയിയുടെ ഭാര്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് അഭിഷേക് എത്തിയത്. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി മോഡി മുകുള്‍ റോയിയെ വിളിച്ചത്. ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാനാണ് വിളിച്ചതെന്നും രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
Also Read I ബിജെപിയിലേക്കു പോയ നേതാക്കള്‍ തിരിച്ച് തൃണമൂലിലേക്ക്; കൂടുമാറിയവർക്ക് മോഹഭംഗം
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ ബിജെപി പ്രതിപക്ഷ നേതാവാക്കിയതില്‍ മുകുള്‍ റോയി ബിജെപി നേൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്. തൃണമൂലിലേക്കു തിരിച്ചു പോകുന്ന കാര്യവും റോയി പരിഗണിക്കുന്നതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ നേതാക്കളും സിറ്റിങ് എംഎല്‍എമാരും എംപിമാരും അടക്കം പലരും ബിജെപി വിട്ട് തൃണമൂലിലേക്ക് തിരിച്ചു വരാന്‍ തയാറായിരിക്കുന്നതായാണ് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ മിന്നും ജയത്തോടെ തൃണമൂല്‍ അധികാരം നിലനിര്‍ത്തിയതോടെ നേരത്തെ ബിജെപിയിലേക്കു കൂടുമാറിയ നേതാക്കള്‍ക്ക് മോഹഭംഗം സംഭവിച്ചിരിക്കുകയാണ്.
മമതയോടെ ഏറെ അടുപ്പമുണ്ടായിരുന്ന തൃണമൂലിലെ ഉന്നത നേതാവായിരുന്നു മുന്‍ കേന്ദ്ര മന്ത്രികൂടിയായ മുകുള്‍ റോയി. ബംഗാളില്‍ ചുവടുറപ്പിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളില്‍ ആദ്യമായി പാര്‍ട്ടിയിലെത്തിയ ഉന്നത രാഷ്ട്രീയ നേതാവ് കൂടിയാണ് മുകുള്‍ റോയി. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റില്‍ പൂജ്യത്തില്‍ നിന്ന് 18 സീറ്റ് നേടി നടത്തിയ മുന്നേറ്റത്തിന്റെ ക്രെഡിറ്റും മുകുള്‍ റോയിക്കായിരുന്നു.