ജിദ്ദ- ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുകയെന്ന ലക്ഷ്യത്തോടെ അയക്കുന്ന തട്ടിപ്പ് സന്ദേശങ്ങളും വ്യാജ മെസേജുകളും തടയാന്‍ നിങ്ങള്‍ക്കും സഹായിക്കും. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവ സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന് (സി.ഐ.ടി.സി) ഫേര്‍വേഡ് ചെയ്യുകയാണ് വേണ്ടത്. ടോള്‍ ഫ്രീ നമ്പര്‍- 330330.
പ്രാദേശിക ബാങ്ക്, ഇന്‍വെസ്റ്റ്‌മെന്റ്, പോസ്റ്റല്‍ ഏജന്‍സി, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പേരിലാണ് അജ്ഞാത നമ്പറുകളില്‍നിന്ന് തട്ടിപ്പ് മെസേജുകള്‍ ലഭിക്കുക.
അബ്ശിര്‍ പ്രശ്‌നമുണ്ടോ? ബാങ്കുകള്‍ വഴിയും ചെയ്യാം, വിശദാംശങ്ങള്‍ |
സമ്മാനം ലഭിച്ചിരിക്കുന്നു, ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക, പാര്‍സല്‍ എത്തിയിട്ടുണ്ട് തുടങ്ങിയ മേസേജുകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പണം അയക്കാനും ആവശ്യപ്പെടും. അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെടും.
ഏപ്രില്‍ മാസത്തില്‍ തട്ടിപ്പ് സന്ദേശങ്ങളെ കുറിച്ച് ടോള്‍ ഫ്രീ നമ്പര്‍ വഴി 63,000 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി സി.ഐ.ടി.സി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മൊബൈല്‍ സേവന ദാതാക്കളുമായും ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ച് കബളിപ്പിക്കല്‍ മെസേജുകള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
വ്യാജ സന്ദേശങ്ങളെ കുറിച്ച് യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.സി ഉപയോക്താക്കള്‍ക്ക് എസ്.എം.എസുകള്‍ അയക്കുന്നുണ്ട്.