Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിൽ പരിഷ്‌കാരങ്ങൾ വിജയത്തിലേക്ക്, കേസുകളിൽ പകുതിയോളം കുറവ്

റിയാദ് - സ്‌പോൺസർഷിപ്പ് സമ്പ്രദായം ഏറെക്കുറെ പൂർണമായും ഇല്ലാതാക്കുന്ന നിലക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രായം നടപ്പാക്കിയ തൊഴിൽ പരിഷ്‌കാരങ്ങൾ രാജ്യത്തെ ലേബർ കോടതികളിൽ എത്തുന്ന തൊഴിൽ കേസുകളുടെ എണ്ണം 50 ശതമാനത്തോളം കുറക്കാൻ സഹായിച്ചതായി റിയാദ് ലേബർ കോടതി ചീഫ് ജസ്റ്റിസ് സുലൈമാൻ അൽദഅ്ഫസ് വെളിപ്പെടുത്തി. പുതിയ തൊഴിൽ പരിഷ്‌കാരം തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു. സ്‌പോൺസർഷിപ്പ് മാറ്റം, ഫൈനൽ എക്‌സിറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലേബർ കോടതികൾ കൂടുതൽ കേസുകൾ എത്തുന്നത്. മുമ്പത്തെ അപേക്ഷിച്ച് ഇത്തരം കേസുകളുടെ എണ്ണം പകുതിയോളം കുറക്കുന്നതിൽ പുതിയ പരിഷ്‌കാരങ്ങൾ പ്രതിഫലിച്ചു. 
തൊഴിൽ വിപണിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം നിരവധി നിയമങ്ങൾ സൗദി അറേബ്യ അടുത്ത കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങളിൽ ലേബർ കോടതികൾ നിയമങ്ങൾ നടപ്പാക്കുന്നതായും സുലൈമാൻ അൽദഅ്ഫസ് പറഞ്ഞു. 
സൗദിയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യങ്ങൾ വകവെച്ചു നൽകുന്ന പുതിയ പരിഷ്‌കാരങ്ങൾ മാർച്ച് 13 മുതലാണ് നിലവിൽവന്നത്. തൊഴിലാളികൾക്കു മേൽ തൊഴിലുടമകൾക്കുള്ള നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും പുതിയ പരിഷ്‌കാരങ്ങൾ ഇല്ലാതാക്കുന്നു. തൊഴിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു ജോലിയിലേക്ക് മാറാൻ ഇപ്പോൾ വിദേശ തൊഴിലാളികൾക്ക് സാധിക്കും. നോട്ടീസ് കാലം പാലിക്കൽ അടക്കമുള്ള വ്യവസ്ഥകൾ പാലിച്ച് തൊഴിൽ കരാർ കാലാവധിക്കിടെ തൊഴിൽ മാറാനും വിദേശ തൊഴിലാളികൾക്ക് അവസരമുണ്ട്.
 

Latest News