അബൂദബി- കാറപകടത്തിൽ സുഡാനി ബാലൻ മരിച്ച കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിൽ മോചനം. തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണനാണ്(45) യൂസഫലിയുടെ ഇടപെടലിൽ വാൾത്തലപ്പിൽനിന്ന് മോചനമായത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ ചർച്ചകളുടെ ഫലമായി ഒരു കോടി രൂപ ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. അബുദാബി മുസഫയിൽ കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു സംഭവം.
2012 സെപ്തംബർ 7നായിരുന്നു അപകടം നടന്നത്. ജോലിയുടെ ഭാഗമായി മുസഫയിലേക്ക് പോകവേ കൃഷ്ണൻ ഓടിച്ച വാഹനം കുട്ടികളുടെ ഇടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിൽ ഒരു കുട്ടി മരിക്കുകയു ചെയ്തു. മനപൂർവ്വമുള്ള നരഹത്യക്കായിരുന്നു കേസെടുത്തത്. തുടർന്ന് യു.എ.ഇ സുപ്രീം കൗൺസിൽ 2013-ൽ കൃഷ്ണനെ വധശിക്ഷക്ക് വിധിച്ചു.
കൃഷ്ണന്റെ മോചനത്തിനായി കുടുംബം പലവഴിക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഒരു ബന്ധു വഴിയാണ് വിഷയം എം.എ യൂസഫലിയുടെ അടുത്തെത്തിയത്. തുടർന്ന് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി വട്ടം ചർച്ച നടത്തി. കുട്ടിയുടെ കുടുംബത്തെ സുഡാനിൽനിന്ന് യു.എ.ഇയിൽ എത്തിച്ച് താമസിപ്പിച്ച് ചർച്ച നടത്തുകയും ചെയ്തു. ഈ ചർച്ചകൾക്ക് ശേഷമാണ് മാപ്പു നൽകാമെന്ന് കുടുംബം സമ്മതിച്ചത്. നഷ്ടപരിഹാരമായി കുടുംബം ആവശ്യപ്പെട്ട് അഞ്ചു ലക്ഷം ദിർഹം യൂസഫലി കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കൃഷ്ണൻ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും. നിലവിൽ അൽ വത്ബ ജയിലിലാണ് കൃഷ്ണൻ. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ കാരണക്കാരനായ എം എ യൂസഫലിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതെന്നും ബെക്സ് കൃഷ്ണൻ പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പറയുകയാണെന്ന് എം.എ യൂസഫലി വ്യക്തമാക്കി.