Sorry, you need to enable JavaScript to visit this website.

ജാനുവിന് സുരേന്ദ്രൻ 40 ലക്ഷം കൈമാറിയെന്ന് വെളിപ്പെടുത്തൽ,വക്കീല്‍ നോട്ടീസയച്ച് ജാനു

കൽപ്പറ്റ- സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കള്ളപ്പണം നൽകിയത് സംബന്ധിച്ച് വിവാദം മുറുകുന്നു. തെരഞ്ഞെടുപ്പ് മൂന്നു ദിവസം മുമ്പ് ജാനുവിന് സുരേന്ദ്രൻ 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബിസി ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വെച്ച്  നിരവധി തവണ പണമിടപാടുകൾ നടന്നുവെന്നും അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു പറഞ്ഞു. 

എൻഡിഎയിൽ ചേർന്നപ്പോൾ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് 10 ലക്ഷം രൂപ സുരേന്ദ്രൻ ജാനുവിന് കൈമാറിയെന്ന് പറയുന്നത്. ആ ദിവസം ഞാൻ അവർക്ക് ഒപ്പമുണ്ടായിരുന്നില്ല. ബത്തേരിയിൽ ഞാൻ റൂമിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ജെ.ആർ.പി നേതാക്കളുടെ ആരോപണങ്ങൾ സി.കെ ജാനു വീണ്ടും നിഷേധിച്ചു. പണം വാങ്ങിയതിന് രേഖയുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും ജാനു ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ താനും തയ്യാറാണെന്നും സി കെ ജാനു കൂട്ടിച്ചേർത്തു.  ആരോപണം ഉന്നയിച്ച ജെ.ആർ.പി നേതാക്കൾക്ക് സി.കെ ജാനു വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും  നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് ആവശ്യം.
 

Latest News