Sorry, you need to enable JavaScript to visit this website.

തിമിംഗലത്തില്‍ നിന്ന് കിട്ടിയത് 10 കോടിയുടെ  ആംബര്‍ഗ്രിസ്; മത്സ്യത്തൊഴിലാളികള്‍ക്ക് കോളടിച്ചു  

ഏദന്‍- യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം ഒരു രാത്രികൊണ്ട് മാറി മറിഞ്ഞു. ചത്ത് ജീര്‍ണ്ണിച്ച ഒരു കൊമ്പന്‍ തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് ഛര്‍ദില്‍ അഥവ ആംബര്‍ഗ്രിസ് എന്ന അപൂര്‍വ്വ സ്രവം കണ്ടെത്തിയതോടെയാണിത്.
തെക്കന്‍ യെമനിലെ ഏദന്‍ ഉള്‍ക്കടലില്‍ 35 ഓളം മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാനായുള്ള യാത്രയിലായിരുന്നു. പെട്ടെന്നാണ് ഒരു ഭീമന്‍ തിമിംഗലത്തിന്റെ ജീര്‍ണ്ണിച്ച ജഡം കണ്ടത്. ഇതിനെ മുറിച്ചപ്പോഴാണ് വയറ്റില്‍ വലിയ തോതില്‍ മെഴുകും ചെളിയും കാണപ്പെട്ടത്. ഇത് യഥാര്‍ത്ഥത്തില്‍ പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛര്‍ദ്ദി ആംബര്‍ഗ്രിസ് ആയിരുന്നു.
സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണിത്. സ്വര്‍ണത്തോളം വിലമതിക്കുന്ന ആംബര്‍ഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. ഒഴുകുന്ന സ്വര്‍ണമെന്നും ഇതിനെ വിശേഷിപ്പിക്കും. മങ്ങിയ ചാരനിറമോ കറുപ്പ് നിറമോ ആകും ഇതിനുണ്ടാകുക. ജീര്‍ണ്ണിച്ച തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് പ്രത്യേക മണമുണ്ടായോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഇതിനെ കീറി മുറിച്ചത്. തിമിംഗലത്തിന്റെ ജഡം കരയ്ക്കടുപ്പിക്കുകയും തുടര്‍ന്ന് കീറിമുറിക്കുകയുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 127 കിലോയോളം വരുന്ന ഈ ഛര്‍ദ്ദില്‍(ആംബര്‍ഗ്രിസ്) വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ച് പണം തങ്ങളുടെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. 

Latest News