ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നടന്ന റാലിയില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനോടൊപ്പം പാക്കിസ്ഥാനിലെ ഫലസ്തീന്‍ അംബാസഡര്‍ വലീദ് അബു അലി വേദി പങ്കിട്ടതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു.
ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറേയും ഫലസ്തീന്‍ അതോറിറ്റിയേയും ഇന്ത്യയുടെ അതൃപ്തിയും ശക്തമായ വിയോജിപ്പും ധരിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ദിഫാഹെ പാക്കിസ്ഥാന്‍ കൗണ്‍സില്‍ എന്ന സംഘടന റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ സംഘടിപ്പിച്ച റാലിയിലാണ് ഹാഫിസ് സഈദും ഫലസ്തീന്‍ അംബാസഡര്‍ വലീദും വേദി പങ്കിട്ടത്. ഈ ചിത്രം പുറത്തു വന്നതോടെയാണ് പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയത്. പാക്കിസ്ഥാനിലെ 40 മത, തീവ്രവാദ സംഘടനകളുടെ മാതൃസംഘടനയാണ് ദിഫാഹെ പാക്കിസ്ഥാന്‍ കൗണ്‍സില്‍.
യുഎന്നിന്റെ ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഹാഫിസ് സഈദ്. യുഎന്‍ പൊതുസഭയില്‍ ജറൂസലം വിഷയത്തില്‍ ഫലസ്തീന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തിരുന്നു. തൊട്ടുപിറകെ ഫലസ്തീന്‍ സ്ഥാപനപതി ഇന്ത്യ പിടികൂടാന്‍ കാത്തിരിക്കുന്ന ഭീകരനൊപ്പം വേദി പങ്കിട്ടതാണ് അമര്‍ഷത്തിനിടയാക്കിയത്.