ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. ചോക്സി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി അംഗീകരിക്കാനാവുന്നതല്ലെന്നും അതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നും ഡൊമിനിക് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസ്, ഡൊമിനിക്കന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
ഡൊമിനിക്കയില്‍ അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ചോക്സിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചത്. ചോക്സിയെ തട്ടിക്കൊണ്ടുപോവുകയും ബലം പ്രയോഗിച്ച് ഡൊമിനിക്കയില്‍ എത്തിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്. അതേസമയം ചോക്സി ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് ചോക്സി ഡൊമിനിക്കയില്‍ പിടിയിലാവുന്നത്. ഇന്ത്യക്ക് കൈമാറുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു ഇത്. വാദത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് ചോക്സി പങ്കെടുത്തത്. ആന്റിഗ്വയില്‍നിന്ന് തട്ടിക്കൊണ്ടുപോയതിനിടെ ഉണ്ടായ പരിക്കുകളെ തുടര്‍ന്ന് ചോക്സി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ചോക്സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചാല്‍ ചോക്സിയെ ആന്റിഗ്വയിലേക്ക് മടക്കി അയക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യ വിട്ട ചോക്സി, ദ്വീപുരാഷ്ട്രമായ ആന്റിഗ്വയില്‍ പൗരത്വം സ്വീകരിച്ചിരുന്നു.