ബെംഗളൂരു- ബംഗ്ലാദേശി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ കാലില്‍ വെടിവെച്ച ശേഷം പിടികൂടിയതായി പോലീസ് അറിയിച്ചു.
പ്രതി കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. പക്ഷേ, വെടിവെച്ച് പിടികൂടാന്‍ കഴിഞ്ഞു.
കഴിഞ്ഞയാഴ്ച രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നുവെന്നും ഇതു രണ്ടാം തവണയാണ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. കാലില്‍ വെടിയേറ്റ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കേസിലെ മുഖ്യപ്രതിയാണിത്.
ബംഗ്ലാദേശി യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.യുവതിയ ബലാത്സംഗം ചെയ്തതിനു പുറമെ, രഹസ്യ ഭാഗത്ത് കുപ്പി കയറ്റുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പത്ത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെത്തിച്ച യുവതിയെ പിന്നീട് വേശ്യവൃത്തിക്ക് പ്രേരിപ്പിക്കകയായിരുന്നു. ഇരയും പ്രതികളും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ക്രൂര പീഡനത്തിനും ബലാത്സംഗത്തിനു ഇരയായ ബംഗ്ലദേശ് യുവതിയെ ബെംഗളുരു പോലീസ് കോഴിക്കോട്ടാണ് കണ്ടെത്തിയത്. പീഡന ദൃശ്യങ്ങള്‍ അസമിലും ബംഗ്ലദേശിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളുരുവില്‍നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും പിന്നീട് സംഘം ബെംഗളുരുവില്‍ തിരിച്ചെത്തിച്ചാണ് ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തത്. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും യുവതി കോഴിക്കോട്ട് എത്തിയതായിരുന്നു. ഇവിടെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയായിരുന്നു.