ന്യൂദല്‍ഹി-സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ് ടൂ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കും. സംസ്ഥാന ബോര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് കാണിച്ചാണ് ഹര്‍ജി.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷക മമത ശര്‍മ്മയാണ് സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ് ടൂ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നും കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.