കൊല്ലം-കൊടകര കുഴൽപ്പണ കേസ് ഗൗരവത്തോടെ കാണണമെന്നും അല്ലെങ്കിൽ നമ്മുടെ ജനാധിപത്യത്തെ ആർ.എസ്.എസ് അട്ടിമറിക്കുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് ബേബി ഇക്കാര്യം പറഞ്ഞത്.
പോസ്റ്റിന്റെ പൂർണരൂപം:
ആർ എസ് എസിന്റെ കുഴൽപ്പണമോർച്ചയെ കേരളസമൂഹം അതീവഗൗരവത്തോടെ കാണണം. നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യത്തെ ആകെ തകർക്കാനുള്ള ക്രിമിനൽരാഷ്ട്രിയശ്രമത്തിന്റെ ഭാഗമാണത്. ഇന്ത്യയിലെ താരതമ്യേന ഏറ്റവും ജനാധിപത്യപരമായ സമൂഹമാണ് കേരളത്തിലേത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്.
എത്ര പരിമിതികൾ ഉള്ളതാണെങ്കിലും നമ്മുടെ രാഷ്ട്രീയവും അടിസ്ഥാനപരമായി ജനാധിപത്യ സ്വഭാവം ഉള്ളതാണ്.
ഇപ്പോഴും പണം അല്ല ഏറ്റവും നിർണായകമായ കാര്യം. തൊഴിലാളികളുടെ പ്രതിനിധികളും സാമ്പത്തികമായി തീരെ പിന്നോക്കമായിരിക്കുന്നവരും രാഷ്ട്രീയ നേതാക്കൾ ആവുന്നതും ജനപ്രതിനിധികളും ഭരണാധികാരികളും ആവുന്നതും അസാധാരണമല്ല. തെരഞ്ഞെടുപ്പിൽ പണം സ്വാധീനം ചെലുത്തുമ്പോഴും കൂടുതൽ പണം ഉണ്ട് എന്നത് മാത്രം കൊണ്ട് ഒരാൾക്ക് ജയിക്കാൻ ആവില്ല.
ഈ നില അട്ടിമറിക്കാൻ കോൺഗ്രസ് പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഹൈക്കമാന്റിൽനിന്ന് അയച്ചു കിട്ടിയ വൻതുകകളുടെ 'വിനിയോഗത്തെ'പ്പറ്റി പരസ്യവും രഹസ്യവുമായ ആരോപണങ്ങളും വിഴിപ്പലക്കലും നാം മറന്നിട്ടില്ല. കോൺഗ്രസ്സും യുഡിഎഫും വൻതുകകൾ തെരഞ്ഞെടുപ്പുകളിൽ വാരിവിതറിയിട്ടുണ്ടെന്നത് ആർക്കാണറിയാത്തത്? എന്നാൽ കേരളം ആ പണാധിപത്യ ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണുണ്ടായത്.
ജനാധിപത്യ മൂല്യങ്ങളോട് ഒരു ബഹുമാനവും ഇല്ലാത്തവരാണ് ആർ എസ് എസും അതിൻറെ രാഷ്ട്രീയ കക്ഷിയായ ബി ജെപിയും. വലിയ പണം ചെലവാക്കി പാർട്ടികളേയുംജനപ്രതിനിധികളെയും വിലയ്ക്കെടുക്കുന്നത് അഭിമാനകരമായ മിടുക്ക് ആയി കാണുന്നവരാണ് അവർ.
ഇന്ത്യയെങ്ങും വൻതോതിൽ പണമൊഴുക്കി തെരഞ്ഞെടുപ്പ് ജയിക്കുന്നതും മികവായി കാണുന്ന ഇവർക്ക് ജനാധിപത്യമൂല്യങ്ങളോട് യാതൊരു ബഹുമാനവും ഇല്ല. ആർ എസ് എസിന്റെ പണം ഒഴുക്കൽ അബദ്ധത്തിൽ പുറത്ത് ചാടിയതാണ് ഇപ്പോൾ തൃശൂരിൽ ഉണ്ടായിരിക്കുന്ന കുഴൽപ്പണക്കേസ്. പോലീസ് ഇതിന്റെ ക്രിമിനൽ കുറ്റം എന്ന സ്വഭാവമാണ് അന്വേഷിക്കുന്നത്. അത് ഉത്തരവാദിത്തത്തോടെ സർക്കാർ മുന്നോട്ടുകൊണ്ടു പോകും.
പക്ഷേ, അതിലും പ്രധാനമാണ് ഇത്തരം ജനാധിപത്യ ധ്വംസനത്തിലൂടെ ആർ എസ് എസ് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന ധാർമ്മിക ആഘാതം. ഇതിനെ ഒരു നിയമ പ്രശ്നം എന്നതിനുപരി ഒരു രാഷ്ട്രീയ പ്രശ്നം എന്ന നിലയിൽ കൂടുതൽ ഗൗരവത്തോടെ കേരളത്തിലെ ജനാധിപത്യ സമൂഹം കാണണം എന്നാണ് ഞാൻ കരുതുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ജനാധിപത്യ സമൂഹത്തെ അട്ടിമറിക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാചുമതലയുമായി ആർ എസ് എസ് നേരിട്ട് നിയോഗിച്ചിരിക്കുന്ന വ്യക്തിയാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വൻതോതിൽ പണം എത്തിച്ചത് എന്നത് ശ്രദ്ധേയമാണ്. അതും കേരളത്തിന് പുറത്തു നിന്ന് നിയമവിരുദ്ധമായി സമാഹരിച്ചപണം. ഒരുസ്ഥാനാർഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുകസംബദ്ധിച്ച തെരഞ്ഞെടുപ്പുചട്ടവും ബിജെപിലംഘിച്ചിരിക്കയാണെന്നുകാണാം. ആർ എസ് എസിന്റെ
ഈ പണാധിപത്യ ശ്രമത്തെ , നഗ്നമായ ക്രിമിനൽരാഷ്ട്രീയത്തെ ഈ നാട് ഒന്നായിചേർന്ന് എതിർത്തില്ലെങ്കിൽ നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല ജനാധിപത്യ വിരുദ്ധമാക്കാൻ പോകുന്നത്. നമ്മുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും പരിമിതജനാധിപത്യ സ്വഭാവത്തെ പണം ചെലവാക്കി അട്ടിമറിക്കാൻ ആർ എസ് എസ് ശ്രമിക്കും.