കോഴിക്കോട്- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാൻ കാരണം കുഴൽപ്പണം കടത്താൻ വേണ്ടിയാണെന്ന ആരോപണം ശക്തമാകുന്നു. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിൽ പോലും മൂന്നാം സ്ഥാനത്ത് എത്തിയ സുരേന്ദ്രൻ മഞ്ചേശ്വരത്തിന് പുറമെ മറ്റൊരു മണ്ഡലം കൂടി തെരഞ്ഞെടുത്തത് കള്ളപ്പണം നടത്താൻ വേണ്ടിയാണ് എന്നാണ് ആരോപണം. ഈ രണ്ട് മണ്ഡലങ്ങളിലേക്ക് അടിക്കടി സുധാകരൻ യാത്ര ചെയ്തപ്പോൾ കള്ളപ്പണം കടത്തി എന്നാണ് വിവരം. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ സമയം കുറവാണെന്നും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ വേണ്ടി ഹെലികോപ്റ്റർ വഴി യാത്ര അനിവാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അറിയിച്ചത്. ഇതനുസരിച്ച് കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി കള്ളപ്പണം വിതരണം ചെയ്യാൻ സുരേന്ദ്രൻ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. 400 കോടിയിലേറെ രൂപയാണ് കള്ളപ്പണമായി എത്തിയത്. ഇതിൽ 150 കോടിയിൽ താഴെ മാത്രമാണ് ചെലവിട്ടത് എന്നാണ് ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. ബാക്കി പണം കുറച്ചു നേതാക്കൻമാർ വീതം വെച്ച് കൈക്കലാക്കിയെന്നും ആരോപണമുണ്ട്.
ചില മണ്ഡലങ്ങളിൽ അഞ്ചു കോടിയോളം രൂപ സ്ഥാനാർത്ഥികൾക്ക് നൽകിയിരുന്നു. കയ്യിൽ കിട്ടിയ പണത്തിൽനിന്ന് സ്ഥാനാർത്ഥികൾ പലരും ചെലവിട്ടിട്ടില്ല. കേരളത്തിൽ ബി.ജെ.പിക്ക് വേണ്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ദേശീയ കമ്മിറ്റിയിൽനിന്ന് ലഭിക്കുന്ന പണം നോട്ടമിട്ടാണ്.
അതിനിടെ, കൊടകര കുഴൽപ്പണ കേസ് അധികം വൈകാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിലേക്ക് എത്തുമെന്നും വിവരമുണ്ട്. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റിനെ നാളെ(ബുധൻ) പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി കെ. സുരേന്ദ്രനെയും ചോദ്യം ചെയ്യും. ലഭിച്ച പണത്തിൽ ഏറെ പങ്കും സുരേന്ദ്രൻ വഴിയാണ് മറ്റിടങ്ങളിലേക്ക് പോയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടുതൽ തെളിവുകൾ ശേഖരിച്ച് സുരേന്ദ്രനെതിരായ നടപടി കർക്കശമാക്കാനാണ് പോലീസിന്റെ തീരുമാനം.