ബെയ്ജിംഗ്- ചൈനയില്‍ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവില്‍ 41 കാരനില്‍ എച്ച് 10 എന്‍ 3 പക്ഷിപ്പനി സ്ഥിരീകരിച്ചു. മനുഷ്യരില്‍ പക്ഷിപ്പനിയുടെ ഈവകഭേദം സ്ഥിരീകരിക്കുന്ന ആദ്യ കേസാണിതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ (എന്‍എച്ച്‌സി) അറിയിച്ചു.
ഷെന്‍ജിയാങ് നഗരത്തിലെ താമസക്കാരനായ ഇയാളെ ഏപ്രില്‍ 28 നാണ് പനിയും മറ്റും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു.
മെയ് 28 നാണ് എച്ച് 10 എന്‍ 3 ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെ വൈറസ് ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു. അടുത്ത ബന്ധുക്കളെ മെഡിക്കല്‍ നിരീക്ഷണത്തിലാക്കിയിരുന്നുവെങ്കിലും മറ്റ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല.
പ്രധാനമായും പക്ഷികളെ ബാധിക്കുന്ന എച്ച് 10 എന്‍ 3 കുറഞ്ഞ രോഗകാരിയാണെന്നും പടരാനുള്ള സാധ്യത വളരെ കുറവാണെന്നും എന്‍എച്ച്‌സി അറിയിച്ചു.
![]() |
വിമാനങ്ങള്‍ കുറച്ചു,ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; മാറ്റി ബുക്ക് ചെയ്യാം |
![]() |
മസ്ജിദ് തകർത്ത ബാരാബങ്കിയില്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി |
ഈ വൈറസ് വകഭേദം സാധാരണമല്ലെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ എമര്‍ജന്‍സി സെന്റര്‍ ഫോര്‍ ട്രാന്‍സ്ബൗണ്ടറി അനിമല്‍ ഡിസീസസിന്റെ റീജിയണല്‍ ലബോറട്ടറി കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ക്ലോസും പറഞ്ഞു.
2018 വരെ 40 വര്‍ഷ കാലയളവില്‍ 160 കേസുകള്‍ മാത്രമാണ് വേര്‍തിരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതലും ഏഷ്യയിലെ കാട്ടുപക്ഷികളിലോ കുളക്കോഴികളിലോ വടക്കേ അമേരിക്കയുടെ പരിമിത ഭാഗങ്ങളിലോ ആയിരുന്നു. ഈ വകഭേദം ഇതുവരെ കോഴികളില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന്റെ ജനിതക ഡാറ്റ വിശകലനം ചെയ്താല്‍ മാത്രമേ, പഴയ വൈറസുകളോട് സാമ്യമുണ്ടോ അല്ലെങ്കില്‍ വ്യത്യസ്ത വൈറസുകളുടെ ഒരു പുതിയ മിശ്രിതമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ക്ലോസ് പറഞ്ഞു.
ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സയുടെ പല വകഭേദങ്ങളും ചൈനയില്‍ കാണപ്പെടുന്നുണ്ട്. കോഴിയിറച്ചി മേഖലയില്‍ ജോലി ചെയ്യുന്നവരെ ഇടക്കിടെ ബാധിക്കാറുമുണ്ട്. 2016-2017 കാലയളവില്‍ എച്ച് 7 എന്‍ 9 ബാധിച്ച് 300 ഓളം പേര്‍ മരിച്ചിരുന്നുവെങ്കിലും പക്ഷിപ്പനി മനുഷ്യരില്‍ കാര്യമായി ബാധിക്കാറില്ല.
ഇപ്പോള്‍ ചൈനയില്‍ സ്ഥിരീകരിച്ച എച്ച് 10 എന്‍ 3 മനുഷ്യര്‍ക്ക് ബാധിച്ചതായി ഇതുവരെ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്‍എച്ച്‌സി അറിയിച്ചു.