തിരുവനന്തപുരം- മുസ്ലിം സംഘടനകളുടെ തലപ്പത്ത് ഏറ്റവും മോശപ്പെട്ടവരാണെന്ന തരത്തിൽ നിയമസഭയിൽ നടത്തിയ പി.വി അൻവർ എം.എൽ.എയുടെ പ്രസംഗം വിവാദമാകുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ വേണ്ടി മതസംഘടനകളെ വിവിധ കഷ്ണങ്ങളാക്കി അവയുടെ തലപ്പത്ത് ഏറ്റവും മോശപ്പെട്ടവരെ പ്രതിഷ്ഠിച്ചുവെന്നായിരുന്നു ഗവർണറുടെ നന്ദിപ്രമേയ ചർച്ചയെ അനുകൂലിച്ചുള്ള പ്രസംഗത്തിൽ പി.വി അൻവർ ആരോപിച്ചത്.
സുന്നികളെ പതിനാറ് കഷ്ണവും മുജാഹിദിനെ പതിനാറ് കഷ്ണവുമാക്കി രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ഇവർ(മുസ്ലിം ലീഗ്) ചെയ്യുന്നത്. സമസ്ത നേതാവ് ജിഫ്രി തങ്ങൾ ന്യായമായ കാര്യങ്ങളിൽ ഇടതുപക്ഷത്തിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുന്നു. കാന്തപുരം അബൂബക്കർ മുസ്ലിയാരെയും വ്യക്തിഹത്യ നടത്തുന്നു. മുസ്ലിം സംഘടനകളെ പതിനാറ് കഷ്ണമാക്കി അതിന്റെ തലപ്പത്ത് ഏറ്റവും മോശപ്പെട്ട ആളുകളെ കുടിയിരുത്തി രാഷ്ട്രീയ അജണ്ട ലീഗ് നടപ്പാക്കുന്നുവെന്നും അൻവർ പ്രസംഗത്തിൽ ആരോപിച്ചു.
അതേസമയം, ഇ.അഹമ്മദിന്റെ മരണം സംബന്ധിച്ചും അൻവർ രൂക്ഷമായ ഭാഷയിലാണ് ലീഗിനെ കടന്നാക്രമിച്ചത്. പാർലമെന്റിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ആശുപത്രിയിലായ അഹമ്മദിനെ ഓക്സിജൻ കൊടുത്താണോ കൊടുക്കാതെയാണോ കൊന്നതെന്ന് അറിയില്ലെന്നായിരുന്നു അൻവറിന്റെ പരാമർശനം. അഹമ്മദിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു കേസ് നൽകാൻ പോലും ലീഗ് തയ്യാറായില്ലെന്നും അൻവർ ആരോപിച്ചു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെയും രൂക്ഷമായ പ്രതികരണമായിരുന്നു അൻവറിന്റേത്.