കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ നിരവധി തൃണമൂല്‍ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചു വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. തൃണമൂല്‍ പരാജയപ്പെടുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നുമുള്ള വന്‍ പ്രചാരണത്തിനിടെ പാര്‍ട്ടി വിട്ടവരാണ് ഇവരില്‍ അധികവും. മേയ് രണ്ടിന് തെരഞ്ഞെടുപ്പു ഫലം വന്നതോടെ 292 സീറ്റില്‍ 213 സീറ്റും നേടി തൃണമൂല്‍ അധികാരം നിലനിര്‍ത്തിയതോടെ പാര്‍ട്ടി വിട്ട പലര്‍ക്കും ഇച്ഛാഭംഗമുണ്ടായെന്നാണ് സൂചന.
മാസങ്ങള്‍ക്ക് മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മുന്‍ എംഎല്‍എ സൊനാലി ഗുപ്ത, മുന്‍ ഫുട്‌ബോള്‍ താരം ദിപേന്ദു ബിശ്വാസ്, സരള മുര്‍മു, അമല്‍ ആചാര്യ തുടങ്ങി പലരും തൃണമൂലില്‍ തിരികെ എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു. തൃണമൂലിലേക്ക് തന്നു തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ചിലര്‍ പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മുമ്പുവരെ മമത മന്ത്രിസഭയില്‍ അംഗമായിരുന്ന രാജീവ് ബാനര്‍ജിക്കും തന്റെ പുതിയ കൂടാരമായ ബിജെപി വിട്ട് തൃണമൂലിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുള്ളതായും സംസാരമുണ്ട്.
ബംഗാളില്‍ ആദ്യം തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവായ മുകുള്‍ റോയിക്കും തൃണമൂലില്‍ തിരിച്ചെത്താന്‍ താല്‍പര്യമുള്ളതായും റിപോര്‍ട്ടുണ്ട്. മമതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന തൃണമൂലിലെ രണ്ടാമനായിരുന്നു ഒരു കാലത്ത് മുകുള്‍ റോയ്. ബിജെപിയെ വിമര്‍ശിച്ച് മുകുള്‍ റോയിയുടെ മകന്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതും ഒരു സൂചനയായി വിലയിരുത്തപ്പെടുന്നു. നേതാക്ക്ള്‍ മാത്രമല്ല, ബിജെപിയുടെ എട്ട് എംഎല്‍എമാരും നാല് എംപിമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറയുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. അതേസമയം ഇതു സംബന്ധിച്ച് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെയെല്ലാം തിരിച്ചുവരവിന്റെ കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ നേതാക്കളെല്ലാം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പാര്‍ട്ടിയെ ഉപേക്ഷിച്ചത്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും പരിശ്രമിച്ചാണ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.