Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ആരുടെയും അവകാശം അട്ടിമറിച്ചിട്ടില്ലെന്ന് 

കോട്ടയം - ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിലെ നിയമ പോരാട്ടത്തിലൂടെ ഏതെങ്കിലും മതവിഭാഗത്തിന്റെ അവകാശം അട്ടിമറിക്കാനോ തട്ടിയടെുക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കേസിലെ ഹരജിക്കാരനായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ. താൻ ഈ അനീതിക്കെതിരെ പോരാടാൻ എടുത്ത തീരുമാനം വ്യക്തിപരമാണ്. ക്രൈസ്തവ സഭകളോട് ബന്ധമില്ല. 

ന്യുനപക്ഷ സ്‌കോളർഷിപ്പ്  ഉത്തരവിലൂടെ നിലവിലുള്ള സ്‌കോളർഷിപ്പും റദ്ദാക്കി എന്ന പ്രചാരണം വസ്തുതാ  വിരുദ്ധമാണ്.
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണത്തിലെ  നിലവിലുണ്ടായിരുന്ന 80:20 എന്ന വിവേചനപരമായ വ്യവസ്ഥകൾ മാത്രമാണ് കോടതി ഉത്തരവിലൂടെ റദ്ദാക്കപ്പെട്ടിട്ടുള്ളത്.

സ്‌കോളർഷിപ്പ് വിതരണത്തിലെ അനീതിപരമായ അനുപാതം  മാത്രമാണ് റദ്ദാക്കപ്പെട്ടിട്ടുളളത്. നിയമ പോരാട്ടത്തിലൂടെ ഏതെങ്കിലും മതവിഭാഗത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കുവാനോ ഇല്ലാതാക്കുവാനോ അല്ല ശ്രമിച്ചത്. കേരള സമൂഹത്തിൽ നാളുകളായി നിലനിന്നിരുന്ന ഒരു അനീതിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തിൽ നാളുകളായി നമ്മുടെ സമൂഹം നടത്തിയ പോരാട്ടങ്ങൾ സർക്കാരുകൾ പരിഗണിക്കാതെ വരികയും അനീതിപരമായ സർക്കാർ സമീപനത്തിൽ മാറ്റം വരുത്താതിരിക്കുകയും തുടർന്നുകൊണ്ടുവരികയും ചെയ്തതാണ് ഈ ഹരജിയിലേക്ക് നയിച്ചത്. 

മുസ്‌ലിം സമൂഹത്തിന്റെ വാദങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാൻ സാധിച്ചില്ല എന്നുള്ള പ്രചാരണവും വസ്തുതാ  വിരുദ്ധമാണ്. കേസിൽ കക്ഷി ചേർന്ന മുസ്‌ലിം  സംഘടനക്കു വേണ്ടി സീനിയർ അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് ഹാജരായത്. നീതിപീഠത്തിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. വിധിയിലൂടെ അത് വെളിപ്പെട്ടു. ഇനി തീരുമാനം സംസ്ഥാന സർക്കാരിന്റേതാണ്. ന്യൂനപക്ഷ വകുപ്പ് സ്വയം ഏറ്റെടുത്ത് ക്രിയാത്മകമായ നടപടികൾക്ക് തുടക്കം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയനിലും ഇപ്പോഴത്തെ സർക്കാരിലും പൂർണ വിശ്വാസം ഉണ്ട്. കോടതി വിധി നടപ്പിലാക്കുവാൻ എന്നും ധീരമായ നടപടികൾ എടുത്തിട്ടുള്ള ഇടതുപക്ഷ സർക്കാരിൽ  നിന്നും ശക്തമായ നടപടികൾ പ്രതീക്ഷിക്കുകയാണെന്നും ജസ്റ്റിൻ പറഞ്ഞു.

Latest News