Sorry, you need to enable JavaScript to visit this website.

രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിര്‍ണയിക്കണമെന്ന് സുപ്രീം കോടതി, തെലുഗു ചാനലുകള്‍ക്ക് ആശ്വാസം

ന്യൂദല്‍ഹി- രാജ്യദ്രോഹ കുറ്റത്തിന്റെ പരിധി നിര്‍വചിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീം കോടതി. തെലുഗു വാര്‍ത്താ ചാനലുകളായ ടിവി5, എബിഎന്‍ ആന്ധ്രാജ്യോതി എന്നിവക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്താണ് പരമോന്നത നീതിപീഠത്തിന്റെ പരാമര്‍ശം.
ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍.സി.പി വിമത നേതാവും എം.പിയുമായ രഘുരാമ കൃഷ്ണം രാജുവിന്റെ പരാമര്‍ശങ്ങള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ചാനലുകള്‍ക്കെതിരെ രാജ്യദോഹ്രക്കുറ്റം ചുമത്തിയിരുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമെന്നു കൂടി ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ നടപടികള്‍ സ്റ്റേ ചെയ്തത്.
ചാനലുകള്‍ക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ അന്വേഷണം തുടരാമെങ്കിലും അടുത്ത വാദംകേള്‍ക്കല്‍ വരെ നടപടികള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എല്‍.നാഗേശ്വര റാവു, എസ്. രവീന്ദ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമമാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
നരസപുരം പാര്‍ലമെന്റെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കൃഷ്ണം രാജു വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതിയാണ് പിന്നീട് ജാമ്യം അനുവദിച്ചത്.
കൃഷ്ണം രാജുവിന്റെ പ്രസ്താവനകള്‍ക്ക് സമയം നല്‍കിയെന്നാണ് ചാനലുകള്‍ക്കതിരായ ആരോപണം.

 

Latest News