കൊല്‍ക്കത്ത- കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ ഇനി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ്.
മമത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാള്‍ ചീഫ് സെക്രട്ടറിയെ ദല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
തിങ്കളാഴ്ച വിരമിക്കാനിരുന്ന ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തേക്ക് മമത സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കിയിരുന്നു. അതിനിടയിലാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിര്‍ദ്ദേശം പാലിക്കില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു.
ബന്ദോപാധ്യായ വിരമിച്ച ഒഴിവില്‍ എച്ച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതായും മമത അറിയിച്ചു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്ന് മമത വിട്ടുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിന് കേന്ദ്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നു.