ന്യൂദല്‍ഹി- ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ബി.ജെ.പി. ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലക്കുട്ടി. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.
അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ലെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് മാത്രമേ തീരുമാനങ്ങള്‍ നടപ്പിലാക്കുകയുള്ളൂവെന്നും അമിത് ഷാ ഉറപ്പ് നല്‍കിയതായി അബ്ദുല്ലക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുള്ള വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലക്കുട്ടിയും ദല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്.
പാര്‍ട്ടി പ്രസിഡണ്ട് ജെ.പി. നഡ്ഡയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.
പരിഷ്‌കാരങ്ങളില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന വവരമാണ് ബി.ജെ.പി. ലക്ഷദ്വീപ് ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ലെന്നും എന്നാല്‍ ഇന്ന് തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്നും ദേശീയ നേതാക്കള്‍ എല്ലാ കാര്യത്തിലും ഉറപ്പ് നല്‍കിയെന്നും ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഹാജി പറഞ്ഞു.