ന്യൂദല്‍ഹി- കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ശശി തരൂര്‍ നല്‍കിയ അപകീര്‍ത്തി കേസ് തീര്‍പ്പായി. തരൂരിനെ കൊലക്കേസ് പ്രതി എന്നു വിളിച്ചതിനെതിരെയായിരുന്നു കേസ്. വിഷയം കോടതിയിലെത്തിയതോടെ തനിക്കു വീഴ്ചപറ്റിയെന്നും പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നുവെന്നും വ്യക്തമാക്കി കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് തരൂരിനോട് മാപ്പപേക്ഷിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ശശി തരൂര്‍ കേസ് പിന്‍വലിച്ചു. വിഷയം കോടതിക്കു പുറത്ത് തീര്‍പ്പായതിനാല്‍ കേസില്‍ കേന്ദ്ര മന്ത്രിയെ കുറ്റവിമുക്തനാക്കിയതായി കോടതി വിധിച്ചു.
താങ്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണം വസ്തുതാപമല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് മാര്‍ച്ചില്‍ തരൂരിനയച്ച മാപ്പപേക്ഷ കത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച തരൂരിനെ വിമര്‍ശിക്കുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദ് അദ്ദേഹത്തെ കൊലക്കേസ് പ്രതി എന്നു വിശേഷിപ്പിച്ചത്. 'രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടെങ്കിലും പരസ്പരം ബഹുമാനം കാത്തു സൂക്ഷിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണ്. ഇത് അംഗീകരിച്ചു കൊണ്ടു തന്നെ മറ്റൊരാളെ വേദനിപ്പിക്കരുത്. എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല'- എന്നും രവിശങ്കര്‍ തരൂരിനയച്ച കത്തില്‍ പറഞ്ഞിരുന്നു.
'എനിക്ക് വളരെ ദ്രോഹകരമായ താങ്കളുടെ വാക്കുകള്‍ പിന്‍വലിച്ചതില്‍ നന്ദിയുണ്ട്. താങ്കളുടെ വികാരം ഞാന്‍ മാനിക്കുന്നു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതില്‍ സന്തോഷം- എന്നായിരുന്നു തരൂരിന്റെ മറുപടി.