ജറുസലം- ഗാസയിലെ കിരാത ആക്രമണങ്ങള്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രാഷ്ട്രീയിമായി സഹായിക്കുമോ. അധികാരം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് യെയര്‍ ലാപിഡിന് ബുധനാഴ്ച വരെ സമയമുണ്ട്. രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളാണ് ഇസ്രായിലില്‍ നടന്നത്. ഇസ്രായില്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല.
12 വര്‍ഷത്തോളമായി ഇസ്രായില്‍ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല.
ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് രൂപീകരിക്കുന്നതിന് നല്‍കിയ 28 ദിവസം ജൂണ്‍ രണ്ടോടെയാണ് അവസാനിക്കുക. ഇതിനിടെയാണ് ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സഖ്യം ഏത് വിധേനയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് നെതന്യാഹു നടത്തികൊണ്ടിരിക്കുന്നത്.
മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റിന്റെ നിലപാടിനനുസരിച്ചായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി. അധികാരം പങ്കിടാന്‍ ബെന്നറ്റ് സമ്മതിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.