ദുബായ്- ഇന്ത്യയില്‍നിന്നു യു.എ.ഇയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയതോടെ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക ്‌മേല്‍ വീണ്ടും ഇരുട്ടടി. ജൂണ്‍ 14 ന് ശേഷം വിലക്ക് പിന്‍വലിച്ചേക്കുമെന്നു പ്രതീക്ഷിക്കുന്നതായി നേരത്തെ ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ.അഹമദ് അല്‍ ബന്ന സൂചിപ്പിച്ചിരുന്നു. എന്നാല്‍ യു.എ.ഇയിലെ കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലും ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലായതും തീരുമാനം പുനപ്പരിശോധിക്കാന്‍ ഇടയാക്കി.
ഏപ്രില്‍ 24ന് അര്‍ധരാത്രിയാണ് ഇന്ത്യയില്‍നിന്നു നേരിട്ടുള്ള യാത്രാ വിലക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയത്. ഇതു പിന്നീട് അനിശ്ചിതമായി നീട്ടുകയായിരുന്നു.
കോവിഡിന് മുന്‍പ് ഇന്ത്യയും യു.എ.ഇയും തമ്മില്‍ പ്രതിവാരം 1,068 വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. മറ്റു വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന 50 ശതമാനം ഇന്ത്യക്കാരും യു.എ.ഇ വിമാനത്താവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കാര്‍ഗോ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടില്ല. സന്ദര്‍ശക വിസക്കാരും വിസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗവും.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവരെയും ട്രാന്‍സിറ്റ് വിസക്കാരെയും യു.എ.ഇയില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കു പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. സൗദി, കുവൈത്ത്, ഒമാന്‍ എന്നിവയാണു മറ്റു രാജ്യങ്ങള്‍.