ചെന്നൈ- തമിഴ്‌നാട്ടില്‍ അധികാരം നഷ്ടമായ അണ്ണാ ഡിഎംകെയുടെ നിയന്ത്രണം ഒരു രാഷ്ട്രീയ തിരിച്ചുവരവിലൂടെ തിരിച്ചുപിടിക്കാന്‍ വി.കെ ശശികല നീക്കമാരംഭിച്ചതായി സൂചന. 'ഞാന്‍ തിരിച്ചെത്തും. പാര്‍ട്ടിയെ നാം തീര്‍ച്ചയായും ശക്തിപ്പെടുത്തും. എല്ലാവരും ധൈര്യമായിരിക്കൂ, നല്ലൊരു തീരുമാന ഉടന്‍ ഉണ്ടാകും' എന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ശശികല പറയുന്ന ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതോടെയാണ് ഊഹാപോഹങ്ങള്‍ ശക്തമായത്. അണ്ണാ ഡിഎംകെയുടെ പേര് അവര്‍ പറയുന്നില്ല. കോവിഡ് രണ്ടാം തരംഗം ഒതുങ്ങിയ ശേഷം പാര്‍ട്ടി അണികളെ കാണാന്‍ എത്തും. പാര്‍ട്ടിയെ നല്ല രൂപത്തിലാക്കിയെടുക്കണം. ഉടന്‍ തന്നെ താന്‍ എത്തുമെന്നും ശബ്ദരേഖില്‍ ശശികല പറയുന്നുണ്ട്.
പാര്‍ട്ടി മുന്‍ മേധാവിയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിത 2016ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികല പാര്‍ട്ടി നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം 2017ല്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം റദ്ദാക്കപ്പെട്ടു. ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാക്കപ്പെട്ടു. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശശികല നാലു വര്‍ഷം തടവിനു ശിക്ഷിപ്പെടുകയും ചെയ്തു. ശശികലയും ബന്ധുവും മുതിര്‍ന്ന നേതാവുമായ ടി.ടി.വി ദിനകരനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ ശശികല സമര്‍പ്പിച്ച കേസ് ചെന്നൈയിലെ സിവില്‍ കോടതി ജൂണ്‍ 18ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശശികലയുടെ പുതിയ ശബ്ദരേഖ പുറത്തു വന്നിരിക്കുന്നത്.
നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഫെബ്രുവരിയിലാണ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലേക്കെത്തിയ ശശികല താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. എതിരാളികളായ ഡി.എം.കെയെ പരാജയപ്പെടുത്തണമെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന, അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുമായി ശശികല നടത്തിയ സംഭാഷണത്തില്‍ ഇവര്‍ തീരുമാനം മാറ്റി എന്നാണ് സൂചന. ഈ ശബ്ദരേഖ ശരിയാണെന്ന് ദിനകരനുമായി അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പുറത്താക്കപ്പെട്ട ദിനകരന്‍ എ.എം.എം.കെ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകുയം ജയലളിതയുടെ മണ്ഡലത്തില്‍ നിന്ന് ജയിക്കുകയും ചെയ്തിരുന്നു. അണ്ണാ ഡിഎംകെയെ തിരിച്ചുപിടിക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ദിനകരന്‍ നേരത്തെ പലതവണ പറഞ്ഞിട്ടുമുണ്ട്. ശശികലയും ദിനകരനും ഒന്നിക്കാനും സാധ്യതയുണ്ട്.
നിലവില്‍ പരസ്പരം ഐക്യമില്ലാത്ത നേതാക്കളായ ഒ. പനീര്‍ശെല്‍വവും ഇ. പളനിസ്വാമിയുമാണ് അണ്ണാ ഡിഎംകെയെ നയിക്കുന്നത്. 2017ല്‍ ശശികലയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്താക്കിയ യോഗത്തില്‍ പാര്‍ട്ടിയില്‍ കോഡിനേറ്റര്‍, കോ-കോഡിനേറ്റര്‍ പുതിയ രണ്ട് പദവികള്‍ സൃഷ്ടിച്ച് പനീര്‍ശെല്‍വവും പളനിസ്വാമിയും പാര്‍ട്ടി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടിയിലെ ഈ രണ്ടു വിഭാഗവും ഒന്നിച്ചതോടെ ശശികല വിഭാഗം പുറത്താക്കപ്പെടുകയായിരുന്നു.