ലഖ്‌നൗ- എങ്ങനെയെങ്കിലും ഒന്ന് പുറത്തിറങ്ങിക്കിട്ടിയാല്‍ മതിയായിരുന്നു എന്നാകും പൊതുവെ തടവുകാരുടെ ചിന്ത. എന്നാല്‍ യുപിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 21 തടവുകാര്‍ തങ്ങളെ മോചിപ്പിക്കരുതെന്ന വിചിത്ര ആവശ്യവുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരി കാരണം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജയിലുകള്‍ തന്നെയാണ് സുരക്ഷിതമെന്നും ഇവിടെ ആരോഗ്യത്തോടെ കഴിയാമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരോള്‍ നിരസിച്ചിരിക്കുന്നത്.
യുപിയിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, മീറത്ത്, മഹാരാജ്ഗഞ്ച്, ഗൊരഖ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒമ്പതു ജയിലുകളില്‍ കഴിയുന്ന 21 തടവുകാരാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് ജയില്‍ ഡി.ജി ആനന്ദ് കുമാര്‍ പറഞ്ഞു.
മൂന്ന് മാസ പരോളാണ് ഇവര്‍ക്ക് അനുവദിച്ചത്. എന്നാല്‍ ജയിലില്‍ തിരിച്ചെത്തിയാല്‍ തങ്ങളുടെ ശിക്ഷാ കാലവധിയില്‍ ഈ മൂന്നു മാസം കൂടി അധികമായി ജയിലില്‍ കഴിയേണ്ടി വരും. ഇതാണ് തടവരുകാരെ പിന്തിരിപ്പിക്കുന്ന ഘടകം. പിന്നെ പുറത്തിറങ്ങിയാല്‍ തങ്ങള്‍ക്ക് ജയിലില്‍ ലഭിക്കുന്നതുപോലെ ഭക്ഷണമോ ആരോഗ്യ സംരക്ഷണമോ ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു. പുറത്തിറങ്ങിയാല്‍ ജോലി കിട്ടാനും പാടാണ്.
തടവുകാര്‍ രേഖാമൂലമാണ് ഇക്കാര്യ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഇതു അംഗീകരിക്കേണ്ടി വരുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഇതുവരെ 2200 തടവുകാര്‍ക്ക് ഇടക്കാല പരോള്‍ അനുവദിച്ചു. 9200 തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കി. കോവിഡ് കണക്കിലെടുത്തുള്ള സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ മോചിപ്പിച്ചത്.