ന്യൂദൽഹി- മുത്തലാഖ് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. ഒന്നിച്ച് മൂന്ന ത്വലാഖ് ചൊല്ലി വിവാഹ മോചനം നടത്താവുന്ന മുസ്‌ലിംകളുടെ രീതി സുപ്രീം കോടതി വിലക്കിയതിനെ തുടർന്നാണ് പുതിയ നിയമം കൊണ്ടു വന്നത്. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പ് മറികടന്ന് ലോക്‌സഭയിൽ ഏറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ പാസായത്. ഇത് ചർച്ചകൾക്കായി ഇനി രാജ്യസഭയിലേക്ക് അയക്കും.
മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ദിവസമാണെന്ന് മന്ത്രി രവിശങ്കർ പറഞ്ഞു. ഈ നിയമം ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്നും നീതിയും സ്ത്രീകളോടുള്ള ബഹുമാനവുമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിലക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ട ശേഷവും ഈ രീതി തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള ബില്ല് സുഗമമായി പാസാക്കാൻ എല്ലാ അംഗങ്ങളും വ്യാഴാഴ്ച സഭയിൽ ഹാജരാകണമെന്ന് നേരത്തെ ബിജെപി വിപ്പ് നൽകിയിരുന്നു.
'ഈ നിയമം ലിംഗ സമത്വവും തുല്യനീതിയും ഉറപ്പുവരുത്താനാണ്. മുസ്‌ലിം രാഷ്ട്രങ്ങൾ മുത്തലാഖിന് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. എന്തു കൊണ്ട് മതേതര രാജ്യമായ നമുക്ക് ചെയ്തുകൂട? നാം ശരീഅത്തിൽ ഇടപെടുന്നില്ല,' രവിശങ്കർ പ്രസാദ് പറഞ്ഞു.
ആർജെഡി, ബിജെഡി, മുസ്‌ലിം ലീഗ്, ഓൾ ഇന്ത്യ മജ്‌സിലെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നീ പാർട്ടികൾ ബില്ലിനെ എതിർത്തു. എൻ കെ പ്രേമചന്ദ്രൻ, എ സമ്പത്ത്, അസദുദ്ദീൻ ഉവൈസി, സുസ്മിത ദേവ്, ആദിരഞ്ജൻ ചൗധരി എന്നീ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടു വന്ന ഭേദഗതികൾ തള്ളി.
'ഞങ്ങളും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ചില ഭേദഗതികൾ വരുത്തണമെന്നും ഇതിന് സമയമെടുത്ത് വിശദമായ ചർച്ചകൾ വേണ്ടതുണ്ട്,' കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ബില്ലിന് രൂപം നൽകിയത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിസഭാ സമിതി തയാറാക്കിയ മുസ്‌ലിം വനിതാ (വിവാഹാവകാശ സംരക്ഷണ) ബിൽ 2017 ആണ് ലോക്‌സഭ പാസാക്കിയത്. ഈ നിയമപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന ഭർത്താക്കൻമാർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. വിവാഹമോചനത്തിന് ഇരയായ സ്ത്രീകൾക്ക് ജീവനാംശവും കുട്ടികളുടെ കൈവശാവകാശവും നിയമം ഉറപ്പ് നൽകുന്നു.