ന്യൂദല്‍ഹി- ആന്റിഗ്വയില്‍ നിന്ന് ബോട്ടില്‍ ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കയുടെ പിടിയിലായ പിടികിട്ടാപുള്ളി രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചു. നാടുകടത്തലിന് ആവശ്യമായ രേഖകള്‍ ഇന്ത്യ ഡൊമിനിക്കയ്ക്കു അയച്ചതായി ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയ സംഭവത്തില്‍ അറസ്റ്റ് ഭയന്ന് 2018ല്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയ ശേഷം ആന്റിഗ്വയില്‍ പൗരത്വമെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ചോക്‌സി. കഴിഞ്ഞയാഴ്ചയാണ് പൊടുന്നനെ ആന്റിഗ്വയില്‍ നിന്ന് ചോക്‌സിയെ കാണാതായത്. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ പിടിയിലായതായും റിപോര്‍ട്ട് വന്നു. ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ്. ചോക്‌സി ഡൊമിനിക്കന്‍ ജയിലില്‍ കഴിയുന്ന ചിത്രം ആന്റിഗ്വ ന്യൂസ്‌റൂം എന്ന പ്രാദേശിക മാധ്യമം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
സിബിഐ, എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളാണ് ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ചു വരുന്നത്. കേസ് രേഖകള്‍ ഡൊമിനിക്കയ്ക്ക് അയച്ചതായി ഏജന്‍സി വൃത്തങ്ങൾ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഏജന്‍സികള്‍ നല്‍കിയിട്ടില്ല. വിദേശ കാര്യമന്ത്രാലയം ആന്റിഗ്വയുമായും ഡൊമിനിക്കയുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഒരു സ്വകാര്യ വിമാനം രണ്ടു ദിവസം മുമ്പ് ഡൊമിനിക്കയില്‍ എത്തിയതായി ആന്റിഗ്വ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യ കോടതി രേഖകള്‍ അയച്ചിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്നത് ചോക്‌സി ഒരു പിടികിട്ടാപുള്ളിയാണെന്നും ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതി ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോക്‌സിയെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായാണ് അറിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോടികളുടെ നിക്ഷേപം നടത്തുന്നതു വഴി പൗരത്വം ലഭിക്കുന്ന കരീബിയന്‍ ദ്വീപു രാജ്യമാണ് ആന്റിഗ്വ ആന്റ് ബര്‍ബുഡ. ഇവിടെ നിക്ഷേപം നടത്തിയാണ് ചോക്‌സി പൗരത്വം സ്വന്തമാക്കിയത്. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതിനാല്‍ ആന്റിഗ്വയില്‍ നിന്നും ചോക്‌സിയെ തിരിച്ചെത്തിക്കുക പ്രയാസമായിരുന്നു. എന്നാല്‍ ഇതിനിടെ മുന്നാമതൊരു രാജ്യത്ത് പിടിയിലായത് ചോക്‌സിയെ വിട്ടുകിട്ടാന്‍ ഇന്ത്യയ്ക്ക് വഴികള്‍ എളുപ്പമാക്കി എന്നാണ് വിലയിരുത്തല്‍. ഇതിനിടെ ചോക്‌സിയെ ആന്റിഗ്വ പൗരനായി പരിഗണിക്കണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആന്റിഗ്വയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി രംഗത്തു വന്നിരുന്നു. ചോക്‌സി പ്രതിപക്ഷത്തിനു പണം നല്‍കി സഹായിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രി ബ്രൗണിന്റെ മറുപടി.