കോഴിക്കോട്- കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാനുണ്ടാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആഴം ആറു മീറ്ററാക്കുന്നതിന് 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ബേപ്പൂരിന്റെ വികസനം മലബാറിന്റെ മൊത്തം വികസനമാണ്. ഇവിടെ വലിയ ചരക്കുകപ്പല്‍ വരാന്‍ ഇടപെടും. തുറമുഖ മന്ത്രി കൂടി ജില്ലയില്‍ നിന്നുള്ള ആളായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപിന്റെ പ്രധാന കവാടങ്ങളിലൊന്നു കൂടിയാണ് ബേപ്പൂര്‍. ദ്വീപ് ജനതക്കുകൂടി ഉപകാരപ്രദമാവുന്ന തരത്തില്‍ ലക്ഷദ്വീനെയും ബേപ്പൂരിനെയും ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതികളും നടപ്പാക്കും. കോഴിക്കോട്ട് കെ.ടി.ഡി.സിയുടെ പുതിയ ഹോട്ടല്‍ നിര്‍മിക്കുന്നതടക്കം പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം ഈ സര്‍ക്കാറിന്റെ കാലത്ത് ഉയരും. ഇക്കാര്യത്തില്‍ കാലതാമസമുണ്ടാവില്ല. മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട തടസ്സങ്ങളെല്ലാം നീക്കും.