ഹനോയ്- കോവിഡ് വ്യാപനത്തിൽ ലോകത്തിന് മുന്നിൽ ആശങ്കയായി വൈറസിന്റെ ജനിതക വ്യതിയാനം. ഇന്ത്യയിലും ബ്രിട്ടനിലും റിപ്പോർട്ട് ചെയ്യപ്പെട്ട വകഭേദങ്ങളുടെ സംയുക്ത രൂപം കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു വർഷമായി കോവിഡിനെ വിജയകരമായി പ്രതിരോധിച്ച വിയറ്റ്‌നാമിൽ നിലവിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്.
ഇന്ത്യയിലും യുകെയിലും ആദ്യമായി കണ്ടെത്തിയ രണ്ട് വകഭേദങ്ങളുടെ സവിശേഷതകൾ സംയോജിച്ച പുതിയ കോവിഡ് വൈറസ് വിയറ്റ്‌നാമിൽ കണ്ടെത്തി. അറിയപ്പെടുന്ന രണ്ട് വൈറസുകളുടെ സംയുക്ത രൂപമാണിത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത വൈറസാണ് പുതിയതായി കണ്ടെത്തിയത്. അത് യു.കെയിൽ കണ്ടെത്തിയ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതും വളരെ അധികം അപകടകാരിയുമാണെന്ന് ആരോഗ്യമന്ത്രി ഗുയൻ താൻ ലോങ് വ്യക്തമാക്കി. അതേസമയം, വിയറ്റ്‌നാമിൽ കണ്ടെത്തിയ വൈറസ് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.