ഹൈദരാബാദ്- പലരുടെയും ഇഷ്ട വിഭവമാണ് ബിരിയാണി. നല്ല സുഗന്ധം പരത്തുന്ന ബസുമതി അരിയും, നന്നായി പാകം ചെയ്ത മസാലയോടുകൂടിയ ഇറച്ചിയും, സലാഡും, അച്ചാറും പിന്നെ ആര്‍ഭാടത്തിന് ഒരു പപ്പടവും കൂട്ടി ഒരു പിടി പിടിച്ചാല്‍, ഇപ്പോള്‍ തന്നെ നിങ്ങളില്‍ പലര്‍ക്കും വായില്‍ വെള്ളം വരുന്നില്ലേ? പക്ഷെ ലോക്ക്ഡൗണിനിടെ ആറ്റുനോറ്റ് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ ലെഗ് പീസില്ലെങ്കില് പിന്നെ ദേഷ്യം വരാതിരിക്കോ? തെലങ്കാനയില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ ലെഗ് പീസ് കിട്ടാതായതോടെ ഒരു യുവാവ് ചെയ്തതെന്തെന്നോ? ഫോട്ടോ സഹിതം മന്ത്രിക്ക് ട്വീറ്റ് ചെയ്തു. തെലങ്കാനയിലെ മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്, നഗരവികസനം, വ്യവസായങ്ങള്‍, വാണിജ്യ, വിവരസാങ്കേതിക മന്ത്രിയായ കല്‍വകുന്ത്ല താരക രാമറാവുവിനോടാണ് യുവാവ് പരാതി പറഞ്ഞത്. കെടിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മന്ത്രി ട്വിറ്ററില്‍ സജീവമാണ്. ട്വിറ്ററില്‍ സഹായം ആവശ്യപ്പെടുന്ന വ്യക്തികളോട് അദ്ദേഹം പതിവായി പ്രതികരിക്കാറുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ മുതല്‍ ഈ പാസ് വരെയുള്ള ആവശ്യങ്ങള്‍ക്കായി തന്നോട് ട്വീറ്റ് ചെയ്യുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ന്യൂജെന്‍ മന്ത്രിയാണ് കെടിആര്‍.
മന്ത്രിയുടെ ഈ രീതികള്‍ കണ്ടിട്ടാവണം തോട്ടകുറി രഘുപതി എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവ് താന്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ ചിക്കന്‍ ബിരിയാണിയില്‍ ലെഗ്പീസ് ഇല്ല എന്ന് ട്വീറ്റ് ചെയ്തത്. 'കൂടുതല്‍ മസാലയും ലെഗ് പീസും ആവശ്യപ്പെട്ട് ഞാന്‍ ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു. രണ്ടും എനിക്ക് കിട്ടിയില്ല. ഇങ്ങനെയാണോ നിങ്ങളുടെ സേവനം' എന്ന കുറിപ്പോടെ സോമറ്റോയെയും (ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആപ്പ്) കെടിആറിനെയും ടാഗ് ചെയ്താണ് യുവാവിന്റെ പോസ്റ്റ്. മന്ത്രിയുടെ പ്രതികരണമാണ് സൈബര്‍ ലോകത്ത് ചര്‍ച്ച വിഷയമായത്. 'എന്നെ എന്തിനാണ് സഹോദര ടാഗ് ചെയ്തിരിക്കുന്നത്? ഇക്കാര്യത്തില്‍ ഞാന്‍ ചെയ്യണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?' എന്ന് മന്ത്രിയുടെ മറുപടി.മന്ത്രിയുടെ മറുപടി വന്നതോടെ തോട്ടകുറി രഘുപതി തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷെ അതിനകം ഈ സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. നിരവധി പേരാണ് മന്ത്രി പ്രതികരിച്ചതിനെ പ്രശംസിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്.