കൊച്ചി- ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡന്‍ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഇക്കാര്യം പറഞ്ഞത്. എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ ലക്ഷദ്വീപിലേക്ക് പോകാന്‍ കടുത്ത യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം.ഈ സാഹചര്യത്തില്‍ എം പിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്ന് വിവരം.പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി. നിലവില്‍ സന്ദര്‍ശനത്തിനെത്തിയ ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം.
അതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തി. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ഉമേഷ് സൈഗാള്‍ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും അംഗനവാടികള്‍ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതും തെറ്റായ നടപടികളാണ്.
അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാള്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിന്റെ പരാമര്‍ശം.