പാരിസ്- ബഹുരാഷ്ട്ര സ്പോര്‍ട്സ് ബ്രാന്‍ഡായ നൈക്കി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണം പച്ച നുണയാണെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍. തങ്ങളുടെ ഒരു ജീവനക്കാരിയോട് ലൈംഗികാതിക്രമം ചെയ്ത സംഭവത്തില്‍ നടന്ന അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് നെയ്മറുമായുള്ള 15 വര്‍ഷം നീണ്ട ബന്ധം കഴിഞ്ഞ വര്‍ഷം അവസാനിപ്പിക്കേണ്ടി വന്നതെന്ന് നൈക്കി പറഞ്ഞിരുന്നു. ഈ ആരോപണത്തില്‍ വസ്തുത ഇല്ലെന്നാണ് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ പറയുന്നത്. 'എന്റെ വാദം കേള്‍ക്കാന്‍ തയാറായിട്ടില്ല. എന്നില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് പറയപ്പെടുന്ന വ്യക്തിയെ അറിയാനുള്ള അവസരവും നല്‍കിയില്ല. എനിക്ക് അങ്ങനെ ഒരാളെ അവരെ അറിയുക പോലുമില്ല. ഈ വ്യക്തിയുമായി യാതൊരു തരത്തിലുള്ള ബന്ധവും എനിക്കുണ്ടായിരുന്നില്ല'- നെയ്മര്‍ തന്റെ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു.
2016ല്‍ ഉണ്ടായ ഈ സംഭവത്തിന്റെ പേരിലാണ് നെയ്മറുമായുള്ള സ്പോണ്‍സര്‍ഷിപ് കരാര്‍ അവസാനിപ്പിക്കേണ്ടി വന്നതെന്നും ഈ സംഭവം 2018ലാണ് കമ്പനി അറിയുന്നതെന്നും നൈക്കി രണ്ടു ദിവസം മുമ്പ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. 2020ല്‍ നൈക്കി നെയ്മറുമായുള്ള കരാര്‍ അവസാനിപ്പിക്കുമ്പോള്‍ കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല. നെയ്മറില് ഫുട്ബോള്‍ പ്രതിഭാ മിന്നലാട്ടം കണ്ടു തുടങ്ങിയ 13-ാം വയസ്സുമുതല്‍ നൈക്കിയാണ് നെയ്മറിന്റെ സ്പോണ്സര്. പിഎസ്ജി താരമായ നെയ്മറിപ്പോള്‍ പ്രായം 29 ആണ്.
കമ്പനിയുടെ പരസ്യാര്‍ത്ഥം യുഎസിലെത്തിയ തന്നെ ന്യൂയോര്‍ക്കിലെ ഹോട്ടല്‍ മുറിയില്‍ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചുവെന്നാണ് നൈക്കി ജീവനക്കാരിയുടെ ആരോപണം. യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണലാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നത്. നെയ്മര്‍ ഈ ആരോപണം നേരത്തേയും നിഷേധിച്ചിരുന്നു. മാത്രവുമല്ല ഈ ആരോപണത്തിനു ശേഷവും നൈക്കിയുടെ ഇതേ സംഘത്തോടൊപ്പം യുഎസിലേക്ക് ഒന്നിലേറെ തവണ യാത്ര ചെയ്തിട്ടുണ്ടെന്നും നെയ്മര്‍ പറഞ്ഞു. 2017, 2018, 2019 വര്‍ഷങ്ങളില്‍ യുഎസില്‍ നിരവധി പരസ്യ ചിത്രീകരണങ്ങളും പ്രചരണങ്ങളും ഈ സംഘത്തോടൊപ്പം ചെയ്തിട്ടുണ്ടെന്നും ഇത്ര ഗൗരവമുള്ള വിഷയമായിട്ടും ആരുമൊന്നും പറഞ്ഞിട്ടില്ലെന്നും നെയ്മര്‍ പറയുന്നു. വാണിജ്യ കാരണങ്ങളാലാണ് നൈക്കിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതെന്ന് നെയ്മര്‍ നേരത്തെ പറഞ്ഞിരുന്നു. നൈക്കി നെയ്മറിന്റെ ബ്ലാക്ക്മെയ്ല്‍ ചെയ്യുകയാണെന്ന് അച്ഛനും നേരത്തെ ആരോപണം ഉന്നയിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം നൈക്കി ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് വിചിത്രമാണെന്ന് നെയ്മറിന്റെ അച്ഛന് പറഞ്ഞു.