തിരുവനന്തപുരം- എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവർത്തിക്കാം. ജീവനക്കാരുടെ എണ്ണം അൻപത് ശതമാനത്തിൽ കൂടാൻ പാടില്ല. വ്യവസായങ്ങൾക്കുള്ള അസംസ്കൃത സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന കടകൾ ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിക്കാം. ജ്വല്ലറി, തുണിക്കടകൾ, പുസ്തകശാലകൾ എന്നിവ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
ബാങ്കുകളുടെ സമയം വൈകിട്ട് അഞ്ചുമണിവരെയാക്കി. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.
കള്ളുഷാപ്പുകളിൽ കള്ള് പാർസലായി നൽകും. പാഴ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലങ്ങളിൽ അവ മാറ്റാൻ ആഴ്ചയിൽ രണ്ടു ദിവസം അനുവദിക്കും. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ അനുഭവിക്കുന്ന തരത്തിലുള്ള ആരോഗ്യപ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ലോക്ഡൗൺ പിൻവലിക്കുന്ന ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റീവിറ്റിയിലും കുറവുണ്ടായാൽ മാത്രമേ അൺലോക്ക് പ്രഖ്യാപിക്കാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ സർക്കാർ ആശുപത്രികളിലെ ഐ.സി.യു ബെഡുകളിലെ എഴുപത് ശതമാനത്തിലാണ്. ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി 18 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.