അഹമ്മദാബാദ്- കോവിഡ് ഭേദമായവരില്‍ പിടിപെടുന്ന രോഗങ്ങളായ ബ്ലാക്ക് ഫംഗസിന് പുറമെ വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെയുള്ള വ്യത്യസ്തമായ ഫംഗസ് ബാധകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ 'ആസ്‌പെര്‍ജിലോസിസ്' എന്ന ഫംഗല്‍ ബാധയും രാജ്യത്ത് ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് വരികയാണ്. ഗുജറാത്തിലാണ് 'ആസ്‌പെര്‍ജിലോസിസ്' കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എട്ട് കേസുകളാണ് നിലവില്‍ ഗുജറാത്തിലെ വഡോദരയില്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച എല്ലാവരും തന്നെ കോവിഡ് ബാധിച്ച് ഭേദമായവരാണ്. പ്രതിരോധശേഷി കുറവായവരിലും സ്റ്റിറോയ്ഡ് ഉപയോഗം കൂടിയവരിലും തന്നെയാണ് 'അസ്‌പെര്‍ജിലോസിസ്'ഉം പിടിപെടുന്നത്.വീട്ടിനകത്തോ പുറത്തോ എല്ലാമായി കണ്ടേക്കാവുന്ന 'ആസ്‌പെര്‍ജില്ലസ്' എന്ന ഫംഗസാണ് ഇതിന് കാരണമാകുന്നത്. ബ്ലാക്ക് ഫംഗസിനോളം അപകടമുണ്ടാക്കുന്നതല്ല 'ആസ്‌പെര്‍ജിലോസിസ്' എന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലരിലെങ്കിലും ഇത് ജീവന് ഭീഷണിയാകുമെന്ന് അറിയിച്ചു.