മഞ്ചേശ്വരം- സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. എന്ത് കാര്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് സത്യവാങ്മൂലത്തിൽ കൃത്യമായി എഴുതിയിട്ടുണ്ടാകണം. അങ്ങനെയൊരു സത്യവാങ്മൂലം കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. കാസർക്കോട്ടാണ് സംഭവം. റോഡിലൂടെ കറങ്ങിനടക്കുകയായിരുന്ന യുവാവിനെ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും സത്യവാങ്മൂലം എവിടെയെന്നും പോലീസ് തിരക്കി. സത്യവാങ്മൂലം വായിച്ച് പോലീസ് അമ്പരന്നു. 'വല്യമ്മയുടെ വീട്ടിൽ ചക്കയിടാൻ പോകണം' എന്നാണ് സത്യവാങ്മൂലത്തിൽ യുവാവ് എഴുതിയിരിക്കുന്നത്. എന്നാൽ, വല്യമ്മയെ വിളിച്ചന്വേഷിച്ച പോലീസിന് അവിടെ ചക്കയില്ലെന്നും, ഇയാൾ അനാവശ്യമായി പുറത്തിറങ്ങിയതാണെന്നും മനസിലായതോടെ പോലീസ് മടക്കി അയച്ചു. തിരുവന്തപുരത്ത് ബാങ്ക് എടിഎമ്മിൽ പണം പിൻവലിക്കാനിറങ്ങിയ ഒരാളിന്റെ പക്ക മലയാളത്തിലുള്ള സത്യവാങ്മൂലം വായിച്ച് തർജമ ചെയ്യിക്കുന്ന പോലീസുകാരുടെ വീഡിയോദൃശ്യവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കോഴിക്കോട്ട് കറങ്ങാനിറങ്ങിയ പയ്യനെ പോലീസ് പരിശോധനയിൽ തടഞ്ഞു വെച്ചപ്പോൾ അമ്മ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനേൽപിച്ചതെന്ന് പറഞ്ഞാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഫോണിലെ സ്പീക്കർ ഓൺ ചെയ്തു പോലീസ് മാതാവിനോട് തിരക്കിയപ്പോൾ ചെറുക്കൻ പുറത്ത് പോയ കാര്യം അവരറിഞ്ഞത് അപ്പോഴാണ്.