ന്യൂദല്‍ഹി- ഇന്ത്യയില്‍ ലഭ്യമായ മൂന്നാമത്തെ വാക്‌സിനായ സ്പുട്‌നിക് V ഒരു ഡോസ് 1,195 രൂപയാണ് വിലയെന്ന് പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള തങ്ങളുടെ ആശുപത്രികളില്‍ ഈ വില ഈടാക്കും. ഒരു ഡോസിന് 995 രൂപയും കുത്തിവെപ്പു ചാര്‍ജായി 200 രൂപയും ഉള്‍പ്പെടെയാണ് ഈ വിലയെന്നും അപ്പോളോ ഗ്രൂപ്പ് അറിയിച്ചു. ജൂണ്‍ രണ്ടാം വാരം മുതല്‍ അപ്പോളോ ആശുപത്രികളില്‍ സ്പുട്‌നിക് V കുത്തിവെപ്പ് ആരംഭിക്കും.
ഇന്ത്യയില്‍ 80 ഇടങ്ങളിലായി അപ്പോളോ ആശുപത്രി മുഖേന 10 ലക്ഷം പേര്‍ വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചെന്നും കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍, കോര്‍പറേറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അപ്പോളോ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സന്‍ ശോഭന കമിനെനി പറഞ്ഞു. ജൂണ്‍ മുതല്‍ ഓരോ ആഴ്ചയും 10 ലക്ഷം ഡോസ് വീതം വിതരണം ചെയ്യും. ജൂലൈയില്‍ ഇത് ഇരട്ടിയാക്കും. ഈ വര്‍ഷം സെപ്തംബറോടെ രണ്ട് കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയും റഷ്യയും സഹകരിച്ച് 35 മുതല്‍ 40 ലക്ഷം ഡോസുകള്‍ വരെ പ്രതിമാസം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.