ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആന്ത്യര മന്ത്രാലയം നിര്‍ദേശം നല്‍കി. കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ പ്രാദേശികമായി നടപടികള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മേയ് മാസം നടപ്പിലാക്കാന്‍ നേരത്തെ നിര്‍ദേശിച്ച നടപടികള്‍ ജൂണ്‍ മാസവും തൂടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രാജ്യത്ത് എവിടെയെങ്കിലും ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രം പരാമര്‍ശിച്ചിട്ടില്ല.
നേരത്തെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകള്‍ കുറയുന്ന പ്രവണതയാണി ഇപ്പോഴുള്ളത്. തെക്കന്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളാണ് അപവാദമായുള്ളത്. കേസുകള്‍ കുറയാന്‍ തുടങ്ങിയെങ്കിലും രാജ്യത്ത് ഇപ്പോഴുള്ള കോവിഡ് കേസുകള്‍ വളരെ ഉയര്‍ന്നതാണെന്നും കേന്ദ്രം വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.