ബെംഗളുരു- ജോലി വാഗ്ദാനം നല്‍കി നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച ബംഗ്ലദേശ് യുവതിയെ രണ്ടു സ്ത്രീ ഉള്‍പ്പെടെ ആറു പേരടങ്ങുന്ന ബംഗ്ലദേശി സംഘം ക്രൂരമായി മര്‍ദിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. മര്‍ദനത്തിന്റെ വിഡിയോ പകര്‍ത്തി ഈ സംഘം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെ ബംഗ്ലദേശിലും അസമിലും ഇത് വൈറലായി. സംഭവം നടന്നത് എവിടെയാണെന്ന ഒരു സൂചനയും ലഭിച്ചിരുന്നില്ല. ബംഗ്ലദേശ് പോലീസും അസം, കര്‍ണാടക, കേരള പോലീസും അന്വേഷണം നടത്തി. ഒടുവില്‍ ബംഗ്ലദേശ് പോലീസ് നല്‍കിയ സൂചനകള്‍ പ്രകാരം ബെംഗളുരു ഈസ്റ്റ് ഡിവിഷന്‍ പോലീസ് ആറു പ്രതികളെയും പൊക്കി.
22കാരിയായ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും പിടിച്ചു നിര്‍ത്തി സ്വകാര്യ ഭാഗത്തേക്ക് ബോട്ടില്‍ കയറ്റുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളുമാണ് വൈറലായ വിഡിയോയിലുള്ളത്. ആറു ദിവസം മുമ്പ് ബെംഗളുരുവിലാണ് സംഭവം നടന്നതെന്നും സ്ഥിരീകരിച്ചു. ഈസ്റ്റ് ബെംഗളുരുവിലെ രാമമൂര്‍ത്തി നഗറിലെ മരഗോന്‍ഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവര്‍ക്കിടയിലുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറയുന്നു. പീഡനത്തിനിരയായ യുവതി ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണെന്നും ഇവരെ കണ്ടെത്താന്‍ പോലീസ് പുറപ്പെട്ടിട്ടുണ്ടെന്നും ബെംഗളുരു പോലീസ് അറിയിച്ചു.
എല്ലാവരും അനധികൃതമായി ഇന്ത്യയില്‍ തങ്ങുന്നവരാണ്. മനുഷ്യക്കടത്തിലൂടെ സംഘം ഇവിടെ എത്തിച്ച യുവതിയെ സംഘം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും പോലീസ് പറഞ്ഞു. അനുസരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പീഡനങ്ങള്‍. യുവതിയെ ഇവര്‍ വിവസത്രയാക്കി. ഇതിന് സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവതിയും സഹായിച്ചു. പ്രതികള്‍ ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബംഗ്ലദേശിലെ ബന്ധുക്കള്‍ തിരിച്ചറിയുകയും ഇവര്‍ ബെംഗളുരുവിലാണെന്ന വിവരം പോലീസിനു കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് ബംഗ്ലദേശ് പോലീസ് ബെംഗളുരു പോലീസിനെ വിവരമറിയിച്ചത്.