Sorry, you need to enable JavaScript to visit this website.

ഗാസ ആക്രമണം അന്വേഷിക്കണമെന്ന യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

ജനീവ- ഗാസ വ്യോമാക്രമണവും ഇസ്രായിലിനകത്തെ ഫലസ്തീന്‍ മേഖലകളിലെ പീഡനങ്ങളും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ അടക്കം 13 രാജ്യങ്ങള്‍ വിട്ടു നിന്നു. അതേസമയം 24 അനുകൂല വോട്ടുകളോടെ പ്രമേയം പാസാക്കി. ഒമ്പത് രാജ്യങ്ങളാണ് എതിര്‍ത്തു വോട്ട് ചെയ്തത്. നീതിയുക്തമായ ഫലസ്തീന്‍ അവകാശങ്ങളെ ശക്തമായി പിന്തുണയ്ക്കുമെന്നായിരുന്നു ഗസ വിഷയത്തില്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയ നിലപാട്. എന്നാല്‍ വ്യാഴാഴ്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ഈ വാക്കുകള്‍ ഉപയോഗിച്ചില്ല. ഇന്ത്യ ഇസ്രായിലിന് അനുകൂലമായി നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന. 

മേയ് 16ന് യുഎന്‍ രക്ഷാസമിതിയില്‍ ഫലസ്തീന് ഇന്ത്യ ശക്തമായി പിന്തുണ നല്‍കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രസ്താവന നടത്തിയിരുന്നു. ഫലസ്തീനിന്റെ അവകാശങ്ങളേയും ദ്വിരാഷ്ട്ര പരിഹാരത്തേയും ശക്തമായി പിന്തുണയ്ക്കുന്നു എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പിന്നീട് മേയ് 20ന് യുഎന്‍ രക്ഷാസമിതിയില്‍ 'ഫലസ്തീനിന്റെ അവകാശങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു' എന്ന വാക്കുകള്‍ ഇന്ത്യ ഒഴിവാക്കി. വ്യാഴാഴ്ചയും യുഎന്‍ രക്ഷാകൗണ്‍ലില്‍ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ഈ വാക്കുകള്‍ ഉപയോഗിച്ചില്ല. 'ഇരു വിഭാഗവും നേരിട്ടുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ എത്തിച്ചേരുന്ന ഒരു ദ്വി രാഷ്ട്ര പരിഹാരത്തിനു മാത്രമെ ഇസ്രായിലും ഫലസ്തീനും ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്ന ശാശ്വത സമാധാനം ഉണ്ടാക്കാന്‍ കഴിയൂവെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു' എന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്.
 

Latest News