കോഴിക്കോട്- മുജാഹിദ് സമ്മേളനത്തിൽ സുന്നി പ്രവർത്തകർ പങ്കെടുക്കുന്നത് സംബന്ധിച്ച് സമസ്ത നിലപാട് വ്യക്തമാക്കി. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മത നവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ സി.കെ.എം സാദിഖ് മുസ്്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ എന്നിവർ പറഞ്ഞു.
ഭൂരിപക്ഷം വരുന്ന സുന്നികൾ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സച്ചരിതരായ സഹാബാക്കളെയും മുൻഗാമികളായ മദ്ഹബിന്റെ ഇമാമുമാരെയും തള്ളിപ്പറയുകയും മുസ്ലിം സമുദായത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുകയും മഹാത്മാക്കളെയും സാദാത്തുക്കളെയും അവമതിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളിൽ സംബന്ധിക്കാൻ സമസ്തയുമായി ബന്ധപ്പെട്ടവർക്ക് കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ
നിലവിലുള്ള സഹചര്യത്തിൽ സലഫി പ്രസ്ഥാനത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മലപ്പുറം കോട്ടക്കൽ കൂരിയാട് നടക്കുന്ന മുജാഹിദ് സമ്മേളനത്തിൽ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുക്കുന്നതിനെതിരെ സമസ്തയിലെ ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായ പശ്ചാതലത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയത്.