ന്യൂദല്‍ഹി- കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങി കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുന്നതിനിടെ കാണാതായ വ്യവസായി മെഹുല്‍ ചോക്‌സി അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റില്‍. ചോക്‌സിയെ നേരിട്ട് ഇന്ത്യയ്ക്ക് കൈമാറാന്‍ ആന്‍്വിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ഡൊമിനിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ആന്റിഗ്വയില്‍ നിന്ന് മുങ്ങിയ ചോക്‌സി ചൊവ്വാഴ്ച രാത്രിയാണ് ഡൊമിനിക്കന്‍ അധികൃതരുടെ പിടിയിലായത്.
ഈ വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ആന്റിഗ്വ പ്രധാനമന്ത്രി പ്രതികരിച്ചു. ചോക്‌സിയെ നേരിട്ട് ഇന്ത്യയ്ക്കു കൈമാറാന്‍ ഡൊമിനിക്കന്‍ അധികൃതര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചോക്‌സിയെ ആന്റിഗ്വയിലേക്കു അയക്കേണ്ട. ഇന്ത്യയില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ആളായതിനാല്‍ ഇന്ത്യയിലേക്ക് മടക്കി അയക്കേണ്ടതുണ്ടെന്നും പ്രാദേശിക മാധ്യമമായ ആന്റിഗ്വ ന്യൂസ്‌റൂമിനോട് പ്രധാനമന്ത്രി പറഞ്ഞു.
ആന്റിഗ്വ ആന്റ് ബാര്‍ബുഡയില്‍ പൗരത്വമുള്ള ചോക്‌സിക്ക് ഡൊമിനിക്കയില്‍ സമാന പരിരക്ഷകള്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന പദ്ധതി പ്രകാരം 2017ലാണ് ചോക്‌സിക്ക് ആന്റിഗ്വ പൗരത്വം നല്‍കിയത്. പിന്നീട് ബാങ്ക് തട്ടിപ്പ് പുറത്തു വരുന്നതിനു തൊട്ടുമുമ്പായി 2018ല്‍ ചോക്‌സി ഇന്ത്യയില്‍ നിന്ന് മുങ്ങുകയായിരുന്നു. ആന്റിഗ്വയുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറ്റ ഉടമ്പടി ഇല്ലാത്തതാണ് ചോക്‌സിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിന് വിലങ്ങായത്. സിബിഐ ഇതിനായി ശ്രമം നടത്തിവരികയാണ്.