ലഖ്നൗ- ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കേസ് പിന്‍വലിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവ്. 1995-ല്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ പ്രതികളായ യോഗി ആദിത്യനാഥ്, ശിവ പ്രതാപ് ശുക്ല (ഇപ്പോള്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി), ശീതള്‍ പാണ്ഡെ (സഹജന്‍വായിലെ ബിജെപി എംഎല്‍എ) എന്നിവര്‍ക്കും മറ്റു പത്തുപേര്‍ക്കുമെതിരായ കേസ് പിന്‍വലിച്ചു കൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ ഉത്തരവ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ
ഗോരഖ്പൂര്‍ ജില്ലയിലെ പിപിഗഞ്ച് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ കോടതി പരിഗണനയിലായിരുന്നു. യോഗി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നേരത്തെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വാറന്റ് ഉണ്ടായില്ലെന്ന് ഗൊരഖ്പൂര്‍ പ്രൊസിക്യൂഷന്‍ ഓഫിസര്‍ ബി.ഡി മിശ്ര പറഞ്ഞു.
ഈ കേസ് പിന്‍വലിച്ചു കൊണ്ട് ഡിസംബര്‍ 20-നാണ് യു.പി സര്‍ക്കാര്‍ ഉത്തരവിട്ടത്. കേസ് പിന്‍വലിക്കാനുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേസ് സൂക്ഷ്മ പരിശോധന നടത്തിയ ശേഷം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഒക്ടോബര്‍ 27-ന് ജില്ലാ മജിസ്ട്രേറ്റില്‍നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.
കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശം ലഭിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് രജനീഷ് ചന്ദ്ര സ്ഥിരീകരിച്ചു. കോടതിയില്‍ അപേക്ഷ നല്‍കാന്‍ പ്രൊസിക്യൂഷന്‍ ഓഫീസറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.