ന്യൂയോര്‍ക്ക്-സമ്മാനം ലഭിച്ചില്ലെന്ന് കരുതി കടയില്‍ ഉപേക്ഷിച്ച് പോയ ലോട്ടറി ടിക്കറ്റ് തിരികെ നല്‍കി അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ കുടുംബം. നാട്ടിലുള്ള മാതാപിതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് ലക്കി സ്‌പോട്ട് സ്‌റ്റോര്‍ നടത്തുന്ന കുടുംബം മാതൃകയായത്. കോടികളുടെ ലോട്ടറി ടിക്കറ്റ് തിരികെ ഏല്‍പ്പിച്ച കുടുംബത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. മസാച്ചുസെറ്റ്‌സില്ലെ സ്പ്രിങ്ഫീല്‍ഡില്‍ ലക്കി സ്‌പോട്ട് സ്‌റ്റോര്‍ നടത്തുന്ന മൗനിഷ് ഷായും കുടുംബവുമാണ് സത്യസന്ധതയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ലിയാ റോസ് ഫിഗ എന്ന സ്ത്രീയാണ് താന്‍ വാങ്ങിയ ടിക്കറ്റിവന് സമ്മാനം ലഭിച്ചതറിയാതെ ഏഴേകാല്‍ കോടിയുടെ ടിക്കറ്റ് ഇവരുടെ കടയില്‍ ഉപേക്ഷിച്ച് പോയത്. എന്നാല്‍ സമ്മാനം ലഭിച്ചെന്ന് മനസിലാക്കിയ കുടുംബം ഇന്ത്യയിലെ മാതാപിതാക്കളുടെ ഉപദേശപ്രകാരം തിരിച്ച് ഏല്‍പ്പിക്കുകയായിരുന്നു.
കടയില്‍ ഉപേക്ഷിച്ച് പോയ ടിക്കറ്റിന് സമ്മാനം ലഭിച്ചത് അറിഞ്ഞതോടെ രണ്ടുദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മൗനിഷ് ഷാ പറഞ്ഞത്. തുടര്‍ന്ന് ഇന്ത്യയിലെ മാതാപിതാക്കളോട് വിഷയത്തില്‍ ഉപദേശം തേടുകയായിരുന്നു. ടിക്കറ്റ് തിരികെ നല്‍കണമെന്നാണ് മുത്തശ്ശി തങ്ങളോട് ആവശ്യപ്പെട്ടതെന്ന് മൗനിഷിന്റെ മകന്‍ അഭി ഷാ പറയുന്നു. 'ടിക്കറ്റ് കൈയില്‍ സൂക്ഷിക്കുന്നത് ശരിയല്ല. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് മടക്കിനല്‍കണം. നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ ഇനിയും ലഭിക്കും എന്നായിരുന്നു മുത്തശ്ശി പറഞ്ഞത്' അഭി ഷാ പറഞ്ഞു. ഇതോടെ ടിക്കറ്റിന്റെ ഉടമയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു ദിവസത്തേക്കാണെങ്കിലും താന്‍ കോടീശ്വരനായിരുന്നു എന്നാണ് മൗനിഷിന്റെ മകന്‍ അഭി ഷാ തമാശ രൂപേണ പറഞ്ഞത്. ഇദ്ദേഹമായിരുന്നു ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഒരു ദിവസം വൈകീട്ട് ടിക്കറ്റുകള്‍ നോക്കുമ്പോഴാണ് ഒരു ടിക്കറ്റ് ശരിക്കും സ്‌ക്രാച്ച് ചെയ്യാത്ത രീതിയില്‍ കണ്ടത്. ഞാന്‍ അത് എടുത്ത് സ്‌ക്രാച്ച് ചെയ്തപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിച്ചെന്ന് വ്യക്തമാവുകയായിരുന്നെന്നും അഭി ഷാ പറയുന്നു.
മസാച്ചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയുടെ ഡയമണ്ട് ലോട്ടറി ടിക്കറ്റാണ് യുവതി കടയില്‍ നിന്നും വാങ്ങിയത്. ടിക്കറ്റിന് മുകളില്‍ സ്‌ക്രാച്ച് ചെയ്താണ് സമ്മാനം ലഭിച്ചോ ഇല്ലയോ എന്ന് അറിയേണ്ടത്. 'ലഞ്ച് ബ്രേക്കിന്റെ തിരക്കിലായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പെട്ടെന്ന് സ്‌ക്രാച്ച് ചെയ്ത് നോക്കി. സമ്മാനം ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല. അതുകൊണ്ട് ടിക്കറ്റ് ഉപേക്ഷിക്കാന്‍ അവര്‍ക്ക് തന്നെ കൊടുത്തു' ഫിഗ പറയുന്നു. അഭി ഷായുടെ അമ്മയില്‍ നിന്നായിരുന്നു ഇവര്‍ ടിക്കറ്റ് വാങ്ങിയത്.
തന്റെ ടിക്കറ്റിന് സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം അത് വിശ്വസിക്കാനായില്ലെന്നും കരഞ്ഞുപോയെന്നും ഫിഗ പറയുന്നു. താന്‍ ഒരു മില്യണ്‍ ഡോളറിന്റെ ടിക്കറ്റ് കൈമാറിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെ പോലെ അവര്‍ കരയുകയായിരുന്നെന്നും തറയില്‍ ഇരുന്നെന്നും മൗനിഷും പറഞ്ഞു. ഇത്രവലിയ തുക സമ്മാനമായി ലഭിച്ച ടിക്കറ്റ് തിരികെ ഏല്‍പ്പിച്ച കുടുംബത്തിന് നിലവില്‍ അഭിനന്ദന പ്രവാഹമാണ്.