റിയാദ് - മക്കയിൽ വിശുദ്ധ ഹറമിലെ മിമ്പറിൽ അതിക്രമിച്ചു കയറി ഖതീബിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായി തടഞ്ഞ് കീഴടക്കിയ സുരക്ഷാ സൈനികൻ മുഹമ്മദ് ബിൻ അലി അൽസഹ്‌റാനിക്ക് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം. സുരക്ഷാ സൈനികനെ തന്റെ ഓഫീസിൽ സ്വീകരിച്ച ആഭ്യന്തര മന്ത്രി ഹറം മിമ്പറിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അക്രമിയെ ക്ഷണനേരത്തിനുള്ളിൽ കീഴടക്കിയതിൽ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജുമുഅ നമസ്‌കാരത്തിന്റെ ഭാഗമായ ഖുതുബക്കിടെ ഹറം മിമ്പറിൽ ഓടിക്കയറി ഖതീബിനെ ആക്രമിക്കാൻ നാൽപതിനടുത്ത് പ്രായമുള്ള സൗദി യുവാവ് ശ്രമിച്ചത്. മിമ്പറിനു സമീപമുണ്ടായിരുന്ന സുരക്ഷാ സൈനികർ അക്രമിയെ ഉടനടി കീഴടക്കി കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അൽസഹ്‌റാനിയാണ് അക്രമിയെ ആദ്യമായി തടഞ്ഞത്. ഉടൻ തന്നെ മറ്റു സുരക്ഷാ സൈനികരും ഓടിയഞ്ഞ് അക്രമിയെ കീഴടക്കുകയായിരുന്നു. ഹറമിൽ നിന്നുള്ള ജുമുഅയുടെ തത്സമയ സംപ്രേക്ഷണം ലോകമെങ്ങുമുള്ളവർ ടി.വി ചാനലുകളിലൂടെ വീക്ഷിക്കുന്നതിനിടെയായിരുന്നു സംഭവം. ഊന്നുവടിക്കു സമാനമായ മുട്ടൻ വടിയുമായി അക്രമി മിമ്പറിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതും പ്രതിയെ സുരക്ഷാ സൈനികർ കീഴടക്കുന്നതുമെല്ലാം പതിനായിരങ്ങൾ തത്സമയം ടി.വിയിലൂടെ കണ്ടു.
അന്ത്യനാളിൽ ലോകത്ത് പ്രത്യക്ഷപ്പെടുമെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്ന മഹ്ദിയാണ് താനെന്നാണ് അറസ്റ്റിലായ അക്രമി അവകാശപ്പെട്ടതെന്ന് സുരക്ഷാ വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. അക്രമിയെ ക്ഷണനേരത്തിനുള്ളിൽ തടഞ്ഞ് കീഴ്‌പ്പെടുത്തിയ സുരക്ഷാ സൈനികൻ മുഹമ്മദ് ബിൻ അലി അൽഅസഹ്‌റാനിയെ ആദരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.