Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആശീര്‍വാദത്തിന്റെ മറവില്‍ വര്‍ഷങ്ങളായി ലൈംഗിക പീഡനം, രാജസ്ഥാനിലെ ആള്‍ദൈവം അറസ്റ്റില്‍

ജയ്പുര്‍- നാല് സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രാജസ്ഥാനിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ്പുര്‍- അജ്മീര്‍ ഹൈവേയില്‍ ആശ്രമം നടത്തുന്ന യോഗേന്ദ്ര മെഹ്ത(56)യെയാണ് ബക്‌റോത പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് യോഗേന്ദ്രക്കെതിരേ പീഡന പരാതി നല്‍കിയിരുന്നത്.
2005 മുതല്‍ 2017 വരെ പലതവണകളായി യോഗേന്ദ്ര പീഡിപ്പിച്ചെന്നായിരുന്നു ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായെന്ന് പരാതി നല്‍കിയിരുന്നു. മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും യോഗേന്ദ്രക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. മെയ് നാലിന് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കഴിഞ്ഞദിവസം വരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഉന്നത ബന്ധങ്ങളുള്ള പ്രതിക്കെതിരേ പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യോഗേന്ദ്രയെ ബക്‌റോത എസ്.എച്ച്.ഒ. മുകേഷ് ചൗധരി അറസ്റ്റ് ചെയ്യുകയായിരുന്നു.
2005 മുതല്‍ 2017 വരെ യോഗേന്ദ്ര പീഡിപ്പിച്ചെന്നാണ് ആദ്യം പരാതി ഉന്നയിച്ച സ്ത്രീ ആരോപിക്കുന്നത്. '1998 മുതല്‍ ഭര്‍ത്താവ് ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പിന്നീട് യോഗേന്ദ്ര മെഹ്ത ഭര്‍ത്താവിനോട് സകുടുംബം ആശ്രമത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 2005ലാണ് യോഗേന്ദ്ര മെഹ്തയെ താന്‍ ആദ്യമായി കാണുന്നത്. പിന്നീട് ഇടയ്ക്കിടെ ആശ്രമം സന്ദര്‍ശിക്കുന്നത് പതിവായി. ആറുമാസം കൂടുമ്പോള്‍ മൂന്നോ നാലോ ദിവസം ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു. ആദ്യനാളുകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു തവണ യോഗേന്ദ്രയുടെ സഹായികള്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. അതിനുശേഷം ലൈംഗികമായി പീഡിപ്പിച്ചു. 2017 വരെ പല തവണ ഇത് ആവര്‍ത്തിച്ചു. പീഡനത്തെ എതിര്‍ത്തപ്പോള്‍ ഇത് തന്റെ ആശീര്‍വാദമാണെന്നും പുറത്തുപറഞ്ഞാല്‍ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും യോഗേന്ദ്ര ഭീഷണിപ്പെടുത്തി. അതിനാല്‍ ഭര്‍ത്താവിനോട് പോലും വിവരം പറഞ്ഞില്ല. എന്നാല്‍ അടുത്തിടെ 20 വയസ്സുള്ള മകളെ ആശ്രമത്തിലേക്ക് അയക്കാന്‍ യോഗേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ സംഭവിച്ച കാര്യങ്ങളെല്ലാം ഭര്‍ത്താവിനോട് പറഞ്ഞത്- സ്ത്രീയുടെ പരാതിയില്‍ പറയുന്നു. തന്റെ സഹോദരഭാര്യമാരായ രണ്ടു പേര്‍ക്കും ആള്‍ദൈവത്തില്‍നിന്ന് സമാനമായ പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും പരാതിയിലുണ്ട്.
പരാതി നല്‍കിയ നാലാമത്തെ യുവതിയും സമാന ആരോപണങ്ങള്‍ തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. ആള്‍ദൈവത്തിന്റെ സഹായികളെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും ഇവരാണ് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡനത്തിന് ഒത്താശ ചെയ്യുന്നതെന്നും ഇവരുടെ പരാതിയിലുണ്ട്. മിക്കസമയത്തും എട്ടോ പത്തോ സ്ത്രീകള്‍ ആശ്രമത്തില്‍ ഉണ്ടാകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
രാഷ്ട്രീയനേതാക്കളും ഉന്നതരും ഉള്‍പ്പെടെ യോഗേന്ദ്രയുടെ ആശ്രമത്തില്‍ നിത്യസന്ദര്‍ശകരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. അതിനാല്‍തന്നെ ആള്‍ദൈവത്തിന്റെ അറസ്റ്റ് പോലീസിന് എളുപ്പമല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വൈകാന്‍ കാരണം. ഒടുവില്‍ എല്ലാ തെളിവുകളും ശേഖരിച്ച് ബക്‌റോത പോലീസ് വിവാദ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

 

Latest News