ലണ്ടന്‍- ലോകത്ത് ആദ്യമായി കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച് റെക്കോഡിട്ടയാള്‍ മരിച്ചു. യുകെയില്‍ വെച്ച് ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചയാളാണ് മരിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 81കാരനായ ബില്‍ വില്യം ഷേക്‌സ്പിയറാണ് മരിച്ചത്. എന്നാല്‍ വാക്‌സിന്‍ സ്വീകരണവും മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു ബില്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവെന്‍ഡ്രി ആന്റ് വാര്‍വിക്ഷൈര്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു വാക്‌സിന്‍ സ്വീകരിച്ചത്. ഇതേ ആശുപത്രിയില്‍ ഈ സമയം ചികിത്സയിലായിരുന്നു ബില്‍. 91കാരിയായ മാര്‍ഗരറ്റ് കീനനും ഇതോടൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ലോകത്ത് കോവിഡ് 19 വാക്‌സിന്‍ ഗവേഷണം വിജയിച്ച സാഹചര്യത്തില്‍ ഇവരുടെ വാക്‌സിനേഷന്‍ ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മെയ് 20ന് ബില്‍ മരിച്ചതായി കോവെന്‍ട്രി കൗണ്‍സിലര്‍ ജെയിന്‍ ഇന്നിസും സ്ഥിരീകരിച്ചിട്ടുണ്ട്. ബില്‍ വില്യം ഷേക്‌സ്പിയറുടെ മരണം വലിയ പ്രാധാന്യത്തോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വാക്‌സിന്‍ സ്വീകരിച്ച ഇതേ ആശുപത്രിയില്‍ തന്നെ ബില്‍ രോഗബാധിതനായി ചികിത്സയിലായിരുന്നുവെന്നും ഒടുവില്‍ മരണപ്പെടുകയായിരുന്നുവെന്നും കോവെന്‍ട്രി ലൈവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.